വാഹന നിർമാതാക്കളെ തീരുവ നടപടകളിൽ നിന്ന് ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുമെന്നാണ് വ്യക്തമാകുന്നത്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ഡോണൾഡ് ട്രംപ് തുടങ്ങിവച്ച തീരുവ 'യുദ്ധം' എല്ലാ സീമകളും കടന്ന് മുന്നേറുകയാണ്. 25 ശതമാനം ഇറക്കുമതി തീരുവ കാനഡക്കും മെക്സിക്കോക്കും ട്രംപ് ഏർപ്പെടുത്തിയപ്പോൾ തിരിച്ചടിയും സമാനമായിരുന്നു. അമേരിക്കകും 25 ശതമാനം തീരുവ കാനഡ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ സങ്കീർണമായിരുന്നു. അതിനിടയിലാണ് തീരുവ 'യുദ്ധ'ത്തിൽ ആശ്വാസ വാർത്ത എത്തുന്നത്.

കുടിയൊഴിപ്പിക്കില്ല, ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കത്തിനുള്ള ഈജിപ്തിൻ്റെ ബദൽ അംഗീകരിച്ച് അറബ് ഉച്ചകോടി

തീരുവ കാര്യങ്ങളടക്കം ചർച്ച ചെയ്യാൻ ഡോണൾഡ് ട്രംപും ജസ്റ്റിൻ ട്രൂഡോയും തീരുമാനിച്ചു. ഇന്ന് ഇരു നേതാക്കളും സംസാരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രഖ്യാപിച്ച തീരുവ നടപടികളാകും ട്രംപും ട്രൂഡോയും ചർച്ച ചെയ്യുക. വാഹന നിർമാതാക്കളെ തീരുവ നടപടകളിൽ നിന്ന് ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ ട്രംപും ട്രൂഡോയും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതൽ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത നടപടികൾ എടുത്തത് കൊണ്ട് അനധികൃത കുടിയേറ്റം തടയാനായെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ട്രംപിന്‍റെ ആരോപണവും പ്രഖ്യാപനവും. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ തീരുവ അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ഏപ്രില്‍ രണ്ട് മുതല്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ പരസ്പര തീരുവ നടപടികള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. അമേരിക്കയുടെയും ട്രംപിന്‍റെയും വിരട്ടലും ഭീഷണിയും വിലപ്പോവില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. സമ്മര്‍ദമോ ബലപ്രയോഗമോ ഭീഷണിയോ ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്ക് മേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവ യുദ്ധമോ, വ്യാപാര യുദ്ധമോ മറ്റെന്തുമാകട്ടെ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം