Asianet News MalayalamAsianet News Malayalam

തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹം, തെളിവുകള്‍ കെട്ടിച്ചമച്ചത്; പൊട്ടിത്തെറിച്ച് ഡോണൾഡ് ട്രംപ്

 അധികാര ദുർവിനിയോഗം അന്വേഷിക്കുന്ന യുഎസ് കോൺഗ്രസിന്റെ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണം. ഷിഫ് എത്രയും പെട്ടന്ന് രാജി വയ്ക്കണണമെന്ന് ട്രംപ്.

Trump angrily lashes out at Democrats over impeachment inquiry
Author
Washington D.C., First Published Oct 3, 2019, 8:33 AM IST

വാഷിംഗ്ടണ്‍: ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കവേ, ഡെമോക്രാറ്റുകളേയും തനിക്കെതിരായ  അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആദം ഷിഫിനേയും രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തെളിവ് നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മൈക്ക് പോംപെയോ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തിയത്. ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരേയും ട്രംപ് പൊട്ടിത്തെറിച്ചു.

ഫിൻലന്റ് പ്രസിഡന്റുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടയിലാണ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇംപീച്ച്മെന്റ് നടപടികൾക്കെതിരെ ട്രംപ് പൊട്ടിത്തെറിച്ചത്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹമാണ്, തെളിവുകൾ കെട്ടിച്ചമച്ചതും- ട്രംപ് വ്യക്തമാക്കി. അധികാര ദുർവിനിയോഗം അന്വേഷിക്കുന്ന യുഎസ് കോൺഗ്രസിന്റെ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണം. ഷിഫ് എത്രയും പെട്ടന്ന് രാജി വയ്ക്കണണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ മുൻനിരയിലുള്ള ജോ ബൈഡനും മകനുമെതിരെ കേസെടുക്കാൻ യുക്രേനിയൻ പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന തനിക്കെതിരായ പരാതിയിൽ ആദം ഷിഫിന് പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചു. തെളിവ് ലഭിക്കും മുന്പേ പരാതി എഴുതാൻ ഷിഫ് സഹായം നൽകിയെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ഇംപീച്ച്മെന്റ് നടപടികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനേയും ട്രംപ് വെറുതെവിട്ടില്ല. ചില മാധ്യമപ്രവർത്തകർ തട്ടിപ്പുകാരാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ഇടപെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios