ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചയായോ എന്ന് മോദിയുടെ എക്സ് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. വ്യാപാര കരാർ ചർച്ചാ വിഷയമായെന്നാണ് ട്രംപ് വ്യക്തമാക്കിയത്

ദില്ലി: ഇന്ത്യ - റഷ്യ ബന്ധത്തിൽ എതിർപ്പ് തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡണ്ട് വിളിച്ചത് ദീപാവലി ആശംസകൾ അറിയിക്കാനാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ വെളിപ്പെടുത്തി. റഷ്യയിൽ നിന്ന് 'ഒത്തിരി എണ്ണ' ഇനി ഇന്ത്യ വാങ്ങില്ലെന്ന ഉറപ്പ് മോദി നൽകിയെന്ന ട്രംപിന്‍റെ പുതിയ അവകാശവാദത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കും പ്രതീക്ഷയുടെ വെളിച്ചം നൽകാനാവട്ടെ എന്ന് അഭിപ്രായപ്പെട്ടതായി മോദി എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടതായും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചയായോ എന്ന് മോദിയുടെ എക്സ് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. റഷ്യൻ എണ്ണയുടെ കാര്യത്തിലും മോദി പ്രത്യേകിച്ച് പരാമർശങ്ങൾ നടത്തിയിട്ടില്ല.

'ഒത്തിരി എണ്ണ' വാങ്ങില്ല

അതേസമയം ഇന്ത്യ റഷ്യയിൽ നിന്ന് 'ഒത്തിരി എണ്ണ' വാങ്ങില്ലെന്ന ഉറപ്പ് മോദി നൽകിയെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. റഷ്യ - യുക്രൈൻ സംഘർഷം തീർക്കണം എന്ന നിലപാട് മോദി പ്രകടിപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇന്ത്യ - പാകിസ്ഥാൻ സംഘർഷം തീർന്നതിലുള്ള സന്തോഷം മോദിയെ അറിയിച്ചു. ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ച വിഷയമായെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യത്തിൽ ട്രംപ്, വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.