Asianet News MalayalamAsianet News Malayalam

താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ട്രംപ്; പ്രതികരണം സമാധാന കരാർ ഒപ്പ് വച്ചതിന് പിന്നാലെ

അഫ്ഗാനിസ്ഥാനിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ മെയ് മാസത്തോടെ പിൻവലിക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. സമാധാന കരാർ പ്രകാരം 14 മാസത്തിനകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സേനാ പിൻമാറ്റം പൂര്‍ത്തിയാക്കും.

Trump hails peace deal with Taliban says he will talk with Taliban leaders
Author
Washington D.C., First Published Mar 1, 2020, 6:29 AM IST

വാഷിംഗ്ടൺ: താലിബാൻ നേതാക്കളുമായി വൈകാതെ ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. യുഎസ് - താലിബാൻ കരാർ യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെ നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. എന്നാൽ എവിടെ വച്ചായിരിക്കും ചർച്ചയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 

അഫ്ഗാനിസ്ഥാനിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ മെയ് മാസത്തോടെ പിൻവലിക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. സമാധാന കരാർ പ്രകാരം 14 മാസത്തിനകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സേനാ പിൻമാറ്റം പൂര്‍ത്തിയാക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചാണ് 18 വർഷം അഫ്ഗാനിസ്ഥാനിൽ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന ചരിത്രകരാറില്‍ യുഎസ് ഒപ്പിട്ടത്. 

നിലവിൽ ഒപ്പ് വച്ച സമാധാന കരാ‌റിൽ അഫ്ഗാൻ സർക്കാർ പങ്കാളികളല്ല. താലിബാൻ അഫ്ഗാൻ സർക്കാർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. 

വിവിധ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാലിച്ചിരിക്കുന്നത്. 2,400ലധികം അമേരിക്കൻ സൈനികർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2001ൽ ന്യൂയോർക്ക് നഗരത്തിൽ അൽ ഖ്വയിദ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്​ഗാനിൽ സൈനിക വിന്യാസം നടത്തുന്നത്. അന്ന് മുതൽ തുടരുന്ന രക്തച്ചൊരിച്ചിലിനാണ് ഇപ്പോൾ കരാറിലൂടെ അവസാനമിടാൻ ശ്രമിക്കുന്നത്. 

Follow Us:
Download App:
  • android
  • ios