റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ 500% താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഒരുങ്ങുന്നു
വാഷിംഗ്ടൺ: റഷ്യയുമായി വലിയ തോതിൽ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ കനത്ത തീരുവയെന്ന റെഡ് കാർഡ് പ്രയോഗിക്കാൻ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നുവെന്ന് സൂചന. റഷ്യയുമായി എണ്ണ വ്യാപാരത്തിൽ വലിയ പങ്കാളിത്തമുള്ള ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് 500 ശതമാനത്തിന്‍റെ വൻ അധിക നികുതി ചുമത്താനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയുക എന്നതാണ് യു എസിന്‍റെ ലക്ഷ്യം. ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ അമേരിക്കയിൽ ഈ രാജ്യങ്ങൾക്ക് 500 ശതമാനം ഇറക്കുമതി നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.
യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നുള്ള സുചനകളും പുറത്തുവന്നിട്ടുണ്ട്. ചൈനയുമായി വ്യാപാരക്കരാർ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാർ ചർച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ വളരെ അപ്രതീക്ഷിതമായാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഈ നീക്കം. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റർ റിച്ചാർഡ് ബ്രുമെന്തല്‍ എന്നിവർ ചേർന്നാണ് ബില്ല് യു എസ് സെനറ്റില്‍ കൊണ്ടുവരുന്നതെന്നാണ് വിവരം. യുക്രൈൻ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശം എന്ന പേരിലാണ് ബില്‍ കൊണ്ടുവരുന്നത്. അങ്ങനെയാകുമ്പോൾ ബിൽ പാസാക്കൽ കടമ്പ വലിയ വെല്ലുവിളിയില്ലാതെ കടക്കാനാകുമെന്നാണ് വിലയിരുത്തൽ. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയും റഷ്യൻ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന രാജ്യങ്ങളാണ്. പുതിയ ബിൽ അതുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കുമാകും വലിയ വെല്ലുവിളി.
അതേസമയം അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചന ട്രംപ് നൽകിയത്. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എല്ലാവരും കരാറുണ്ടാക്കാനും അതിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറ്റു രാജ്യങ്ങളുമായി കരാറുണ്ടാകുമോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി അമേരിക്ക കരാര്‍ ഒപ്പിട്ടുവെന്നാണ് അതിനുള്ള മറുപടിയെന്നും ട്രംപ് പറഞ്ഞു. മറ്റു വലിയ കരാറുകളും വരുന്നുണ്ടെന്നും ചിലപ്പോള്‍ ഇന്ത്യയുമായി വലിയ കരാറുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.


