Asianet News MalayalamAsianet News Malayalam

'സമാധാനത്തിന്‍റെ ഹസ്തദാനം': സൈനിക വിമുക്തമേഖലയിൽ ട്രംപ് - കിം കൂടിക്കാഴ്ച

കൊറിയൻ അതിർത്തിയിലാണ് ചരിത്ര പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ച. അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റ് കൂടിയായി ഡോണൾഡ് ട്രംപ്. 

trump kim meet in demilitarized zone
Author
Korea, First Published Jun 30, 2019, 12:56 PM IST

പാൻമംജോം, കൊറിയ: ദക്ഷിണ - ഉത്തര കൊറിയകളെ വേർതിരിക്കുന്ന സൈനിക വിമുക്ത മേഖലയിൽ ചരിത്രമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ അധികാരി കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്. അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റ് കൂടിയായി ഡോണൾഡ് ട്രംപ്.

ഇരു ഭരണാധികാരികളും തമ്മിൽ ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതികളുണ്ടായിട്ടില്ലെങ്കിലും ഇരു രാജ്യത്തലവൻമാരും തമ്മിൽ നേരിട്ട് കാണാനും ഹസ്തദാനം നടത്താനും തയ്യാറായെന്നത് ശ്രദ്ധേയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ട്രംപ് ഉത്തരകൊറിയൻ അതിർത്തിയായ പാൻമംജോമിലെ സൈനിക വിമുക്ത മേഖലയിലെത്തി കിം ജോങ് ഉന്നിനെ കാണുന്നത്.

ഇതിന് മുമ്പ് നടന്ന ട്രംപ് - കിം ഉച്ചകോടി ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ തീരുമാനമോ ധാരണയോ ആകാതെ പിരിയുകയായിരുന്നു. കൂടിക്കാഴ്ചയെ മിക്ക അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും, വെറും നാടകമായാണ് വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിശ്ശബ്ദമായെങ്കിലും നിലനിൽക്കുന്ന വെല്ലുവിളികളും ആണവായുധം ഉപയോഗിച്ചുള്ള ഭീഷണികളും അവസാനിപ്പിക്കുകയും അമേരിക്കയും ഉത്തരകൊറിയയും ആണവ നിരായുധീകരണത്തിന് തയ്യാറാവുകയും ചെയ്യാതെ, ഇത്തരം പ്രകടപരതയോടെയുള്ള ഹസ്തദാനങ്ങൾ കൊണ്ട് കാര്യമില്ലെന്ന് പലരും വിമർശിക്കുന്നു. എന്നാൽ ചിലരെങ്കിലും, ഇത് ഭാവി ചർച്ചകൾക്കുള്ള ചവിട്ടു പടിയായേക്കാമെന്നും വിലയിരുത്തുന്നു. 

എന്തുകൊണ്ട് ഈ കൂടിക്കാഴ്ച നിർണായകമാവുന്നു?

കഴിഞ്ഞ വർഷം സിംഗപ്പൂരിലായിരുന്നു ട്രംപും കിമ്മും തമ്മിൽ ആദ്യ കൂടിക്കാഴ്ച നടത്തിയത്. അന്ന് ആണവ നിരായുധീകരണം പോലുള്ള കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിലും കൊറിയൻ മേഖലയിൽ നിന്ന് ആണവായുധങ്ങൾ തുടച്ചു നീക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞിരുന്നു. എന്നാൽ ഇതിനു വേണ്ട നടപടികളെന്തെല്ലാം എന്നോ, എങ്ങനെയാണ് ഈ തീരുമാനം നടപ്പാക്കുകയെന്നോ ഇരു രാജ്യത്തലവൻമാരും വ്യക്തമാക്കിയതുമില്ല. 

രണ്ടാം കൂടിക്കാഴ്ച കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അമേരിക്ക ഉത്തര കൊറിയയുടെ മേൽ ഏർപ്പെടുത്തിയ ചില ഉപരോധങ്ങൾ നീക്കാമെന്ന് സമ്മതിച്ചതിന് പകരമായി ആണവായുധ പദ്ധതികൾ നിർത്തി വയ്ക്കാമെന്ന് കിം സമ്മതിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അതിൽ ഒരു തീരുമാനവുമുണ്ടാകാതെ രണ്ടാം കൂടിക്കാഴ്ചയും അവസാനിച്ചു. 

ഇന്ന് നടന്നിരിക്കുന്ന ഒരു മൂന്നാം കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ഇരു നേതാക്കളും തമ്മിൽ ഹസ്തദാനം ചെയ്ത് മടങ്ങുന്ന ഒരു 'ഫോട്ടോ ഓപ്പർചുനിറ്റി' മാത്രമായി ഇത് മാറാനാണ് സാധ്യത. 

എന്താണ് സൈനിക വിമുക്ത മേഖല?

കൊറിയൻ യുദ്ധം അവസാനിച്ച ശേഷം 1953-ൽ ദക്ഷിണ - ഉത്തര കൊറിയകളെ വേർതിരിച്ചു കൊണ്ട് നിർമിച്ച മേഖലയാണ് സൈനിക വിമുക്ത മേഖല. 4 കിലോമീറ്റ‍ർ വീതിയും 250 കിലോമീറ്റർ നീളവുമുണ്ട് ഈ സൈനിക വിമുക്ത മേഖലയ്ക്ക്. ഈ മേഖലയിൽ ഇരുകൊറിയകളും സൈനികവിന്യാസം നടത്തരുതെന്നാണ് ചട്ടം. അതിനപ്പുറവും ഇപ്പുറവും ഉള്ളതാകട്ടെ ലോകത്തെ ഏറ്റവും പഴുതടച്ച സൈനിക വിന്യാസവും സുരക്ഷയുമാണ് താനും.

Follow Us:
Download App:
  • android
  • ios