വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍റെ വിജയം പ്രഖ്യാപിച്ചിട്ടും തോല്‍വി അം​ഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. ഗോള്‍ഫ് ക്ലബില്‍ കളിക്കുന്നതിനിടെയാണ് തോല്‍വി വാര്‍ത്ത ട്രംപ് അറിഞ്ഞത്. അതേസമയം, വിശ്വാസം കാക്കുമെന്ന് ബൈഡന്‍ പ്രതികരിച്ചു. ഐക്യപ്പെടാനും മുറിവുണക്കാനുമുള്ള സമയമാണിതെന്നും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റാകും താനെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ ആത്മവിനായി പോരാട്ടം തുടരുമെന്ന് കമല ഹാരിസും അറിയിച്ചു.

273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്‍റെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരക്ക് ബൈഡന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.