ട്രംപിന്റെ വിശ്വസ്തന്റെ ചാറ്റ് പുറത്ത്, നിറയെ വംശീയ പരാമർശം. ഇന്ത്യക്കാര്‍ക്കെതിരെയും പരാമര്‍ശം. റിപ്പബ്ലിക്കൻ ഗ്രൂപ്പ് ചാറ്റിൽ നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങൾ പുറത്തുവന്നതോടെ അമേരിക്കയിൽ വൻവിവാദമായി.
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ യുഎസ് പ്രസിഡന്റ് ഓഫീസ് ഓഫ് സ്പെഷ്യൽ കൗൺസിലിന്റെ തലവനായി നാമനിർദേശം ചെയ്യപ്പെട്ട പോൾ ഇൻഗ്രാസിയയുടെ ചാറ്റ് ചോർന്നു. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തായത്. റിപ്പബ്ലിക്കൻ ഗ്രൂപ്പ് ചാറ്റിൽ നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങൾ പുറത്തുവന്നതോടെ അമേരിക്കയിൽ വൻവിവാദമായി. വ്യാഴാഴ്ച സെനറ്റിന്റെ വാദം കേൾക്കാനിരിക്കെയാണ് ഇൻഗ്രാസിയയുടെ ചാറ്റ് ചോർന്നത്.
സംഭാഷണത്തിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഓർമക്കായി നൽകുന്ന അവധി അവസാനിപ്പിക്കണമെന്നും നരകത്തിന്റെ ഏഴാമത്തെ വൃത്തത്തിലേക്ക് വലിച്ചെറിയപ്പെടണം എന്നതു പോലുള്ള നിരവധി പരാമർശങ്ങൾ പുറത്തുവന്നു. തനിക്ക് നാസി പാരമ്പര്യം ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ആഫ്രിക്കൻ വംശജർ, ഇന്ത്യക്കാർ എന്നിവർക്കെതിരെയും വംശീയ പരാമർശം നടത്തി. 2024 ജനുവരിയിൽ, മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയെയും ആക്ഷേപിച്ചു. ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുതെന്നായിരുന്നു പരാമർശം. ആഫ്രിക്ക മുഴുവൻ ഒരു വൃത്തികെട്ട കുഴിയാണെന്നും അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമെന്നും ഇയാൾ പറഞ്ഞു. ചാറ്റിൽ പങ്കെടുത്ത മറ്റ് ആളുകൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഗ്രൂപ്പിലെ ഒരാളാണ് ചാറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്.
നാസി പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള 2024 മെയ് മാസത്തിലെ ചർച്ച വിമർശനങ്ങൾ നേരിട്ടെങ്കിലും ഇൻഗ്രാസിയ തന്റെ നിലപാട് മാറ്റിയില്ല. നമുക്ക് നേതൃസ്ഥാനങ്ങളിൽ കഴിവുള്ള വെള്ളക്കാരാണ് വേണ്ടത്. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന സ്ഥാപക പിതാക്കന്മാരുടെ വാദം തെറ്റായിരുന്നു. നമ്മുടെ പൈതൃകത്തിന്റെ ആ ഭാഗം നാം നിരസിക്കേണ്ടതുണ്ടെന്നും ഇൻഗ്രാസിയ പറയുന്നു. കുറ്റങ്ങൾ ചുമത്തപ്പെട്ട തീവ്ര വലതുപക്ഷ സ്വാധീനക്കാരനായ ഫ്യൂന്റസുമായും ആൻഡ്രൂ ടേറ്റുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. എന്നാൽ ആരോപണം ഇൻഗ്രാസിയ നിരസിച്ചു. അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഇൻഗ്രാസിയ. 2025 വരെ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (DHS) വൈറ്റ് ഹൗസ് ലെയ്‌സണായി സേവനമനുഷ്ഠിച്ചു. ആ വർഷം ആദ്യം അദ്ദേഹം നീതിന്യായ വകുപ്പിന്റെ ലെയ്‌സൺ ആയും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.


