കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം അമേരിക്ക വർധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള നീക്കത്തിലാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപെന്നും വിലയിരുത്തലുകളുണ്ട്
കാരക്കസ്: വെനസ്വേലയിലെ ഇടതു ഭരണം അട്ടിമറിക്കാൻ യു എസ് ശ്രമിക്കുന്നതായി ഗുരുതര ആരോപണം. വെനസ്വേലയുടെ തീരത്ത് യു എസ് ബി – 1 ബോംബർ വിമാനങ്ങൾ പറത്തിയുള്ള സൈനിക പ്രകോപനം ശക്തമാക്കിയതോടെയാണ് അട്ടിമറി നീക്കമെന്ന ആരോപണവും ശക്തമായത്. മയക്കുമരുന്ന് കടത്ത്, തടവറകളിൽ നിന്ന് കുറ്റവാളികളെ യു എസിലേക്ക് തുറന്നുവിടുന്നു എന്നീ ആരോപണങ്ങൾ നേരത്തെ മുതൽ തന്നെ വെനസ്വേലക്കെതിരെ അമേരിക്കൻ ഭരണകൂടങ്ങൾ ഉയർത്തിയിരുന്നു. ഈ ആരോപണങ്ങളുടെ ചുവടുപിടിച്ച് വെനസ്വലയുടെ പരമാധികാരം ലംഘിക്കാൻ യു എസ് ശ്രമിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കരീബിയൻ കടലിൽ അമേരിക്കൻ നാവികസേന ചെറുകപ്പലുകളെ ആക്രമിച്ചതും ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നു. കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം അമേരിക്ക വർധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള നീക്കത്തിലാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപെന്നും വിലയിരുത്തലുകളുണ്ട്.
ട്രംപിന്‍റെ പരാമർശങ്ങൾ സൂചനയോ?
രണ്ടാം തവണ യു എസ് പ്രസിഡന്‍റായി അധികാരമേറ്റതുമുതൽ വെനസ്വേലയിലെ ഭരണകൂടത്തിനെതിരെ വിമർശനവുമായി ഡോണൾഡ് ട്രംപ് രംഗത്തുണ്ട്. അടുത്തിടെ ട്രംപ് നടത്തി വിവാദ പരാമർശങ്ങൾ സംഘർഷ സാഹചര്യം രൂക്ഷമാക്കിയിട്ടുണ്ട്. വെനസ്വേലയിൽ സി ഐ എയെ നിയോഗിച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തലും വലിയ വിവാദമായിരുന്നു. 2025 ലെ സമാധാന നൊബേൽ പുരസ്‌ക്കാരം നേടി വെനസ്വേലേയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയെ അഭിനന്ദിച്ചുള്ള പരാമർശങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. വെനസ്വേലേയിലെ പ്രതിപക്ഷ നേതാവിന് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനെല്ലാം പിന്നാലെയാണ് കരീബിയൻ കടലിൽ ഇപ്പോൾ യു എസ് സൈനിക വിന്യാസം വർധിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ട്രംപിന്‍റെ പരാമർശങ്ങളിൽ ഒരു അട്ടിമറി നീക്കം പലരും സംശയിക്കുന്നതും.
കരീബിയൻ മേഖലയിലെ സ്ഥിരതയെ ബാധിക്കുമോ?
മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് അന്തർവാഹിനികൾ യു എസ് സൈന്യം തകർത്തതായി ട്രംപ് സമൂഹമാധ്യമത്തിൽ അവകാശപ്പെട്ടിരുന്നു. ഇക്വഡോറിന്റെയും വെനസ്വേലയുടെയും അന്തർവാഹിനികളാണ് തകർക്കപ്പെട്ടതെന്നാണ് ട്രംപിന്റെ വാദം. ഇതിന് പിന്നാലെയാണ് വെനസ്വലൻ തീരത്ത് ബി – 1 ബോംബർ വിമാനങ്ങൾ പറത്തിയുള്ള അമേരിക്കയുടെ പ്രകോപനം. യു എസ് വ്യോമസേനയിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി–1. അതുകൊണ്ടുതന്നെ വെനസ്വേലയിൽ സുരക്ഷാ ആശങ്കകൾ വർധിച്ചിരിക്കുകയാണ്. പ്രകോപനങ്ങൾക്ക് മറുപടിയായി വെനസ്വേല കൂടുതൽ സൈനികരെ തീരപ്രദേശങ്ങളിൽ വിന്യസിച്ചതും സംഘർഷ സാധ്യത വർധിപ്പിക്കുന്നു. യു എസിന്റെ ഈ നീക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നാണ് വെനസ്വേലയുടെ ആരോപണം. കരീബിയൻ മേഖലയിലെ സ്ഥിരതയെ ബാധിച്ചേക്കാമെന്നതിനാൽ അന്താരാഷ്ട്ര സമൂഹം അമേരിക്കൻ നീക്കത്തെയും സംഘർഷ സാധ്യതയെയും സസൂഷ്മം നിരീക്ഷിക്കുകയാണ്.


