ഇറാനിലെ ആണവശേഖരം പിടിച്ചെടുക്കാൻ ആവശ്യമെങ്കിൽ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സമാധാന കരാറിന്റെ ഭാഗമായി ഇറാനുമായി ചേർന്ന് ഈ ദൗത്യം നിർവഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അല്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാഷിംഗ്ടൺ: ഇറാന്‍റെ കൈവശമുള്ള വൻ ആണവശേഖരം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യത്തെ നേരിട്ട് അയക്കാൻ താൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാനുമായി വരാനിരിക്കുന്ന ഒരു സമാധാന കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി ഈ ദൗത്യം നിർവ്വഹിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ എൻബിസി മാധ്യമത്തിന്‍റെ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ട്രംപ് ഈ നിർണായക നിലപാട് വ്യക്തമാക്കിയത്.
ഇറാൻ വൻതോതിൽ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരത്തെ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവിലെ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഒരു സമാധാന ധാരണയിലെത്തുകയാണെങ്കിൽ, തങ്ങളുടെ അത്യാധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് ഇറാനിലെത്തി ആണവശേഖരം ഒന്നിച്ചു പുറത്തെടുക്കുമെന്നും, അത് അവിടെ വെച്ചോ അതല്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റിയോ പൂർണ്ണമായി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിർദ്ദിഷ്ട ചർച്ചകൾ പരാജയപ്പെടുകയും സമാധാന കരാർ സാധ്യമാകാതിരിക്കുകയും ചെയ്താൽ, ഇറാനെതിരെ ഭീകരമായ രീതിയിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്. ഇറാന്‍റെ സൈനിക ശേഷിയെ പൂർണ്ണമായി തകർത്ത ശേഷമായിരിക്കും അമേരിക്കൻ സൈന്യം അവിടേക്ക് പ്രവേശിക്കുക. ഏത് സാഹചര്യത്തിലായാലും സുരക്ഷ പൂർണ്ണമായി ഉറപ്പാക്കിയ ശേഷമേ ആണവശേഖരം നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കൂ. ഇറാന്റെ സഹകരണത്തോടെയോ അല്ലെങ്കിൽ അല്ലാതെയോ അമേരിക്ക ഈ ദൗത്യം പൂർത്തിയാക്കുമെന്നും, എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആരും വെടിയുതിർക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും കടുത്ത ഭാഷയിൽ ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്രയേലിനോട് ആഹ്വാനം
വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണം നടത്താൻ ഇസ്രായേലിനോട് പരസ്യമായി ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലെബനനിൽ കൂടുതൽ വിനാശകരമല്ലാത്ത രീതിയിലുള്ള കൃത്യമായ ആക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്കുകൾ) കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസി മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ യുദ്ധത്തെ കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.


