യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
വാഷിംഗ്ടൺ: അലാസ്കയില്‍ ഇന്ന് ലോകം ഉറ്റുനോക്കുന്ന അതി നിര്‍ണായക കൂടിക്കാഴ്ച. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമയുള്ള ചർച്ച ആരംഭിക്കുക. ഉപദേശകരുടെ സാന്നിധ്യമില്ലാതെ ഇരു നേതാക്കളും നേരിട്ട് നടത്തുന്ന ചര്‍ച്ചയില്‍ 'യുക്രൈന്‍ യുദ്ധം' ആണ് പ്രധാന അജണ്ട. യുദ്ധം അവസാനിപ്പിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ക്ക് ഈ ചർച്ച തുടക്കം കുറിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ചടക്കം നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ട്രംപ് - പുടിൻ കൂടിക്കാഴ്ച ഇന്ത്യക്കും നിർണായകമാകും.
ഇന്ത്യയ്ക്ക് പിഴ തീരുവ ചുമത്തിയത് റഷ്യയെ സ്വാധീനിച്ചെന്നും വ്ലാദ്മിർ പുടിനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെന്നും അമേരിക്കൻ ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് യു എസ് പ്രസിഡന്‍റ് ട്രംപിന്‍റെ വാദം. അലാസ്കയിൽ നടക്കുന്ന ചർച്ചക്ക് മുന്നോടിയായിട്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം. അമേരിക്ക ഇന്ത്യക്ക് നേരത്തെ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. പിന്നീട് 25 ശതമാനം പിഴ തീരുവയും ചുമത്തി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമ്പോൾ നൽകുന്ന പണം യുക്രൈനിൽ നിരപരാധികളെ കൊന്നൊടുക്കാനായി ഉപയോഗിക്കുന്നു എന്നായിരുന്നു അമേരിക്കയുടെ വാദം.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി വെച്ചില്ലെങ്കിൽ 21 ദിവസത്തിനകം ഇന്ത്യക്ക് 25 ശതമാനം പിഴ തീരുവ കൂടി ചുമത്തും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ സമയം അവസാനിക്കാനിരിക്കെയാണ് അലാസ്കയിൽ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. ലോക നേതാക്കളുടെ കൂടിക്കാഴ്ചയിൽ എന്ത് സംഭവിക്കുമെന്ന് ഇന്ത്യയും ഉറ്റു നോക്കുകയാണ്. സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. എന്ത് തരത്തിലുള്ള സഹായവും നൽകാൻ തയ്യാറാണ് എന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തക്കുകയും ചെയ്തു.
ട്രംപിന് മറുപടിയുമായി മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവയുടെ ഭീഷണികൾക്ക് കൂടി മറുപടി നൽകുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗം. വ്യാപാര ചർച്ചകളടക്കം പ്രതിസന്ധിയിലായെങ്കിലും ഇന്ത്യ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച സന്ദേശമാണ് മോദി ഇന്ന് ട്രംപിന് നൽകിയത്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ 'ഞാൻ ഒരു സംരക്ഷണ മതിലായി നിൽക്കു'മെന്നടക്കം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞുവച്ചത് ട്രംപിനുള്ള മറുപടിയായിരുന്നു. ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി മോദി, 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ നീക്കത്തെ തള്ളുകയും ചെയ്തു. പാകിസ്ഥാനും അമേരിക്കയും തമ്മിൽ അടുക്കുന്നതിനിടെ യു എസ് സന്ദർശനത്തിനിടെ പാക് സേന മേധാവി ഉയർത്തിയ ഭീഷണിക്കും മോദി കടുത്ത ഭാഷയിൽ മറുപടി നൽകി. ഇത്തരക്കാർക്കെല്ലാം ഓപ്പറേഷൻ സിന്ദൂർ ആയിരിക്കും ഇനി സർക്കാർ നയം എന്ന മുന്നറിയിപ്പ് നൽകിയ മോദി സിന്ധു നദീജല കരാർ സ്വീകാര്യമല്ലെന്നും തീർത്തു പറഞ്ഞു. പാകിസ്ഥാനുമായി കൂടുതൽ അടുപ്പത്തിലായി, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്‍റെ നീക്കമടക്കം നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മോദിയുടെ വാക്കുകൾ തെളിയിക്കുന്നു. ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ മാസം നടക്കാനുള്ള സാധ്യതയില്ലെന്ന സൂചന കൂടിയാണ് ചെങ്കോട്ടയിൽ മോദി സ്വീകരിച്ച കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.


