പുതിയ ഐഎസ് തലവനെക്കുറിച്ച് അറിയാമെന്ന് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍.

വാഷിങ്ടണ്‍: ഐഎസിന്‍റെ പുതിയ തലവന്‍ ആരാണെന്നും അയാളെക്കുറിച്ച് കൃത്യമായി അറിയാമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ ട്വീറ്റ്.

പുതിയ തലവനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല. വടക്ക് പടി‌ഞ്ഞാറൻ സിറിയിയൽ നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചിരുന്നു. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്സാണ് ദൗത്യം നിര്‍വ്വഹിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. 

 ഐഎസ് തലവനെ വധിച്ചുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്ന് നാല് ദിവസങ്ങൾക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഐഎസിന്‍റേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ബാഗ്ദാദിയുടെ പിൻഗാമിയായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ ഖലീഫയാക്കിയതായും ശബ്ദസന്ദേശത്തിൽ പറഞ്ഞു. പുതിയ തലവന്‍ ഇബ്രാഹിം അല്‍ ഹാഷിമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്ത സാഹചര്യത്തിലാണ് ഇയാളെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. 

Scroll to load tweet…