വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡ‍ന്റ് മൈക്ക് പെൻസിനും കൊവിഡ് 19 പരിശോധനാ ഫലം നെ​ഗറ്റീവ്. വൈറ്റ് ഹൗസിലെ സുരക്ഷാ ഉദ്യോ​ഗസ്ഥരിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവർ പരിശോധനയ്ക്ക് വിധേയരായത്. ഇയാളിൽ കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ എല്ലാ ദിവസവും പരിശോധനയ്ക്ക് വിധേയനാകുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇദ്ദേഹവുമായി അടുത്ത് ഇടപഴകാറില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നു. 

പ്രസിഡന്റുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന എല്ലാവരും കൊവിഡ് 19 പരിശോധന നടത്തുന്നുണ്ട്. കൊവിഡ് ബാധ കണ്ടെത്തിയ വ്യക്തിയെ വ്യക്തിപരമായി അറിയാമെന്നും വളരെ നല്ല വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ട്രംപ് കൂട്ടിച്ചേർത്തു. -കൊവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ ട്രംപ് ആഴ്ചയില്‍ ഒന്ന് നിലയില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു.