യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് പുടിനെ വീണ്ടും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്‍റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്നും ബി ബി സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. റഷ്യക്കെതിരെ കൂടുതൽ ഉപരോധ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ആരോപണങ്ങളെന്നത് ശ്രദ്ധേയമാണ്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു. നാറ്റോ സൈനിക സഖ്യം കാലഹരണപ്പെട്ടിട്ടില്ലെന്നും മറിച്ചാണിപ്പോൾ തനിക്ക് തോന്നുന്നതെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തി. യു എസ് പ്രസിഡന്‍റിന്‍റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്‍റെ 50 ദിവസത്തെ വെടിനിർത്തൽ അന്ത്യശാസനത്തോട് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. യു എസ് പ്രസിഡന്‍റിനെ ഇതെല്ലാം ചെയ്യാൻ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്ന് ലാവ്റോവ് പറഞ്ഞു. പുതിയ ഉപരോധങ്ങളെ തങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിശ്ചിത സമയത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ ഭീഷണിയെ ലാവ്റോവ് തള്ളിക്കളഞ്ഞു.

യുക്രൈൻ യുദ്ധത്തിൽ പുടിനോടുള്ള അതൃപ്തി വർദ്ധിച്ചുവരുന്നതായി സൂചിപ്പിക്കുന്ന നിരവധി പ്രതികരണങ്ങൾക്ക് ശേഷമാണ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കിയത്. വെടിനിർത്തൽ ചർച്ചകൾക്ക് ശേഷവും മിസൈൽ ആക്രമണങ്ങൾ തുടരുന്നതിന് ട്രംപ് റഷ്യൻ പ്രസിഡന്‍റിനെ വിമർശിച്ചു. പുടിനിൽ താൻ അതീവ നിരാശനാണ്. അദ്ദേഹം പറയുന്നത് അർത്ഥമാക്കുന്ന ഒരാളാണെന്ന് കരുതി. അദ്ദേഹം മനോഹരമായി സംസാരിക്കും, എന്നിട്ട് രാത്രി ആളുകളെ ബോംബിട്ട് കൊല്ലം. തനിക്കിത് ഇഷ്ടമല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

യുക്രൈയ്ന്‍ നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് റഷ്യ, യുക്രൈനെതിരെ 'പ്രത്യേക സൈനിക പദ്ധതി' എന്ന പേരിട്ട് യുദ്ധം ആരംഭിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു റഷ്യയുടെ വിശ്വാസം. എന്നാല്‍ ആദ്യമായി യുക്രൈയ്ന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ ടിവി ഹാസ്യ നടനായ വ്ലഡിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈയ്ന്‍ റഷ്യയ്ക്ക് സമ്മാനിച്ചത്. യുക്രൈയ്ന്‍റെ സ്പൈഡർ വെബ് പോലുള്ള, റഷ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പുതിയ യുദ്ധ തന്ത്രങ്ങൾ റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്കയിലാണ് ലോകം.