ചൈനീസ് ഉത്പന്നങ്ങൾക്ക് പത്തു ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി രണ്ടാം തവണ അധികാരമേറ്റ അന്നുമുതൽ ഡോണൾഡ‍് ട്രംപ് ഞെട്ടിക്കുന്ന തീരൂമാനങ്ങളാണ് നടപ്പാക്കുന്നത്. വലിയ വലിയ വിവാദങ്ങളായി മാറിക്കഴിഞ്ഞ തീരുമാനങ്ങളെടുത്ത ട്രംപിന്‍റെ പുതിയ ഉത്തരവുകളും പ്രഖ്യാപനങ്ങളും വീണ്ടും വിവാദം ക്ഷണിച്ചുവരുത്തുകയാണ്. കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നും ഉള്ള ഇറക്കുമതിക്ക് അധിക നികുതി പ്രഖ്യാപിച്ചുള്ള തീരുമാനമാണ് ഏറ്റവും ഒടുവിലത്തേത്. ഇതിനൊപ്പം തന്നെ ചൈനക്കും കിട്ടി ട്രംപിന്‍റെ വക 'പണി' എന്നതാണ് യാഥാർത്ഥ്യം. ചൈനീസ് ഉത്പന്നങ്ങൾക്ക് പത്തു ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്. ട്രംപിന്‍റെ പ്രഖ്യാപനങ്ങൾ കഴിഞ്ഞെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്ക് തെറ്റി. ട്രംപിന്‍റെ വക ഏറ്റവും പുതിയ ഭീഷണി യൂറോപ്യൻ യൂണിയനാണ്. ഭാവിയിൽ യൂറോപ്യൻ യൂണിയനും നികുതി ചുമത്തേണ്ടി വരുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

കാനഡയും മെക്സിക്കോയും ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി നൽകണം

കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. കുടി​യേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ നേരത്തെ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡക്കും മെക്സിക്കോക്കും പണി കിട്ടിയത്. മാരകമായ ഫെന്‍റനിൽ മയക്ക് മരുന്ന് അമേരിക്കയിലേക്ക് അയക്കുന്നത് ഈ രാജ്യങ്ങളാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് വൈറ്റ് ഹൗസ് തീരുമാനം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളും ഈ രാജ്യങ്ങൾ കൈകൊള്ളുന്നില്ലെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ചില രാജ്യങ്ങളുമായുള്ള അധിക കമ്മി കുറക്കാനുമാണ് തീരുവകളും നികുതിയും വർധിപ്പിക്കുക എന്നത് ട്രംപിന്‍റെ പ്രഖ്യാപിത നിലപാടാണ്. ഇതിന്‍റെ ഭാഗമായാണ് അയൽ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ തീരുവ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

അമേരിക്കയുടെ വലിയ വാണിജ്യ പങ്കാളികളാണ് കാനഡയും മെക്സിക്കോയും ചൈനയും. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമായി, വാഹനങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മരുന്നകൾ, മരം, സ്റ്റീൽ ഉത്പ്പനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉത്പന്നങ്ങൾ അമേരിക്കയിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്ക തീരുവ ചുമത്തിയാൽ അത് രാജ്യത്തെ ഉപഭോക്താക്കളെ സാരമായി ബാധിക്കും. ഇത് പണപ്പെരുപ്പത്തിനും കാരണമാകും. ഇതിനെ തുടർന്ന് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും തീരുവ വർധിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇത് സങ്കീർണ വ്യാപാര തർക്കത്തിലേക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം