വാഷിങ്ടണ്‍: ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 1869ന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചത്. 'ചോദിച്ച എല്ലാവരോടുമായി പറയുകയാണ്. 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല'-എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കാരണം വ്യക്തമാക്കാതെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. 

യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരം ട്രംപ് അനുകൂലികള്‍ ആക്രമിച്ചതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് ട്രംപിന്റെ മറ്റൊരു വിവാദ തീരുമാനം. ട്രംപിനെ കാലാവധിക്ക് മുമ്പ് ഇംപീച്ച് ചെയ്യുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.