Asianet News MalayalamAsianet News Malayalam

Tsunami at Tonga: ടോംഗയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പിന്നാലെ സുനാമിയും, വീഡിയോ കാണാം

ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റർ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപർവ്വതം (Hunga Tonga-Hunga Haʻapai volcano) പൊട്ടിത്തെറിച്ചത്. 

tsunami hits tonga after underwater volcano eruption
Author
Thiruvananthapuram, First Published Jan 15, 2022, 4:28 PM IST


വെള്ളത്തിനടിയിലെ ഭീമാകാരമായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പസഫിക് രാജ്യമായ ടോംഗയില്‍ കൂറ്റന്‍ സുനാമി തിരകളടിച്ചു. ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റർ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപർവ്വതം (Hunga Tonga-Hunga Haʻapai volcano) പൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി. 

 സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു പള്ളിയിലൂടെയും നിരവധി വീടുകളിലൂടെയും വെള്ളം ഒഴുകുന്നത് കാണാം. തലസ്ഥാനമായ നുകുഅലോഫയിൽ ചാരം വീഴുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്. 

 

 

ടോംഗയിലെ ഫൊനുവാഫോ ദ്വീപിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരെയാണ് ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപര്‍വ്വതം. വളരെ സജീവമായ ടോംഗ-കെർമാഡെക് ദ്വീപുകളുടെ അഗ്നിപർവ്വത കമാനത്തിന്‍റെ ഭാഗമാണ് ഈ ദ്വീപ്. ന്യൂസിലാൻഡിന്‍റെ വടക്ക്-കിഴക്ക് മുതൽ ഫിജി വരെ വ്യാപിച്ചുകിടക്കുന്ന ഒരു സബ്ഡക്ഷൻ സോണാണിത്. "കുടുംബം അത്താഴത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സമീപത്ത് ബോംബുകൾ പൊട്ടിത്തെറിക്കുന്നുണ്ടെന്ന് അവളുടെ ഇളയ സഹോദരൻ പറഞ്ഞതായും ടോംഗൻ നിവാസിയായ മേരെ തൗഫ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

"എന്‍റെ ഭയം കാരണം ആദ്യം മേശയ്ക്കടിയിൽ മറഞ്ഞിരിക്കുകയായിരുന്നു. എന്‍റെ ചെറിയ സഹോദരിയെ ഞാന്‍ ഈ സമയം ചേര്‍ത്തി പിടിച്ചിരുന്നു. എന്‍റെ മാതാപിതാക്കളോടും വീട്ടിലുള്ള മറ്റുള്ളവരോടും സുരക്ഷിതമായിരിക്കാന്‍ ഞാന്‍ അലറി." ന്യൂസിലൻഡ് വാർത്താ സൈറ്റായ Stuff.co.nz മേരെ തൗഫ ഉദ്ധരിച്ച് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. "എല്ലായിടത്തും നിലവിളി കേൾക്കാം, സുരക്ഷയ്ക്കായി ആളുകൾ നിലവിളിക്കുകയായിരുന്നു." അവര്‍ കൂട്ടിചേര്‍ത്തു. അഗ്നിപർവ്വതം സ്ഫോടനത്തെ തുടര്‍ന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങള്‍ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു.
 

 

Follow Us:
Download App:
  • android
  • ios