ട്രംപിന്റെ രണ്ടാം ഭരണകൂടത്തിൽ നിന്നും രാജിവെക്കുന്ന നാലാമത്തെ കാബിനറ്റ് അംഗമാണ് തുളസി ഗബ്ബാർഡ്.

വാഷിംഗ്ടൺ: അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പദവിയിൽ നിന്നും തുളസി ഗബ്ബാർഡ് രാജിവെച്ചു. 2026 മെയ് 22നാണ് ഗബ്ബാർഡ് തന്റെ രാജി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിച്ചത്. തന്റെ ഭർത്താവായ എബ്രഹാം വില്യംസിന് ബാധിച്ച അപൂർവമായ അസ്ഥി അർബുദത്തെ തുടർന്ന് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് ഗബ്ബാർഡ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ രണ്ടാം ഭരണകൂടത്തിൽ നിന്നും രാജിവെക്കുന്ന നാലാമത്തെ കാബിനറ്റ് അംഗമാണ് തുളസി ഗബ്ബാർഡ്. ഇതിനോടകം തന്നെ അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ എന്നിവർ വിവിധ കാരണങ്ങളാൽ രാജിവെച്ചിരുന്നു.2026 ജൂൺ 30ഓടെ തുളസി ഗബ്ബാർഡ് ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഗബ്ബാർഡിന്റെ രാജി സ്വീകരിച്ച പ്രസിഡന്റ് ട്രംപ്, അവർ തന്റെ ഭരണകാലത്ത് മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നാണ് പ്രതികരിച്ചത്. തുളസി ഗബ്ബാർഡിന് പകരം ആരോൺ ലൂക്കാസ് നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടറായി ചുമതലയേൽക്കുമെന്ന് ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വിശദമാക്കി. ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു തുളസി ഗബ്ബാർഡിന്റെ പ്രവർത്തന കാലം. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇന്റലിജൻസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും ട്രംപ് ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി തുളസി ഗബ്ബാർഡിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് തുളസി ഗബ്ബാർഡ് ഈ പദവിയിൽ നിയമിതയായത്.

ഭഗവദ്ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗം കൂടിയായിരുന്നു തുളസി ഗബ്ബാർഡ്. 2020ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന അവർ പിന്നീട് ഡെമോക്രാറ്റിക് പാർട്ടി വിട്ട് ട്രംപിന് പിന്തുണ നൽകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം