ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്‍റർപോൾ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി തുർക്കി നീതിന്യായ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്‍റർപോളിന്‍റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്തതായി തുർക്കി നിയമ മന്ത്രി അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ തുർക്കി കടുത്ത എതിർപ്പ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉർദുഗാൻ നിരവധി തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. 430-ഓളം ജീവകാരുണ്യ പ്രവർത്തകരുമായി ഗാസ ലക്ഷ്യമാക്കി നീങ്ങിയ ഫ്ലോട്ടില്ല മേയ് മാസത്തിലാണ് ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര കടലിടുക്കിൽ വെച്ച് തടഞ്ഞത്. ഈ നടപടി ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നെതന്യാഹുവിനും മുതിർന്ന സൈനികൻ അഫെക് മൊസ്കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടതായി തുർക്കി മന്ത്രി അകിൻ ഗുർലെക് എക്സിൽ സ്ഥിരീകരിച്ചു. ജൂലൈ 14-ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, വ്യക്തിസ്വാതന്ത്ര്യം തടയൽ, മനഃപൂർവമുള്ള ആക്രമണം, സ്വത്ത് നശിപ്പിക്കൽ, കവർച്ച, വാഹനം തട്ടിയെടുക്കൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ആശുപത്രിയും അടക്കമുള്ള കെട്ടിടങ്ങൾ ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ മൊസ്കോവിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നതായി കുറ്റപത്രത്തെ ഉദ്ധരിച്ച് ഐ എച്ച് എ എന്ന വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.