ഇസ്തംബുള്‍: നാല് വര്‍ഷം മുമ്പ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 337 മുന്‍ പൈലറ്റുമാര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. 2016ല്‍ പ്രസിഡന്റ് റെസപ് ത്വയ്യിബ് എര്‍ദോഗാനെ അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നായിരുന്നു കേസ്. കോടതി രേഖകള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ അങ്കാറക്ക് സമീപത്തെ എയര്‍ബേസില്‍ ആരോപിതരായ അഞ്ഞൂറോളം പേര്‍ സര്‍ക്കാറിനെ 2016 ജൂലൈ 15ന് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

അന്നത്തെ സൈനിക നടപടിയില്‍ 250ഓളം പേര്‍ കൊല്ലപ്പെട്ടു. യുഎസിന്റെ പിന്തുണയോടുകൂടി മുസ്ലിം പണ്ഡിതന്‍ ഫത്തുള്ള ഗുലെന്റെ നേതൃത്വത്തില്‍ അട്ടിമറി ശ്രമം നടന്നെന്നാണ് തുര്‍ക്കിയുടെ വാദം. ആയിരക്കണക്കിന് ആളുകളെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. മുന്‍ കമാന്‍ഡര്‍ അകിന്‍ ഒസ്തുര്‍ക്ക് അടക്കമുള്ള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയെന്നും പാര്‍ലമെന്റ് അടക്കമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ബോംബെറിഞ്ഞെന്നും പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഗുലെനുമായി ബന്ധപ്പെട്ട 292000 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരുലക്ഷത്തോളം പേരെ ജയിലിലടച്ചു.