ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ പരിഹസിച്ച് തള്ളി. അനാവശ്യമായ ആവേശം നിയന്ത്രിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ രംഗത്ത്. അനാവശ്യമായ ആവേശം നിയന്ത്രിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ നിശിതമായ ഭാഷയിലാണ് സിംബാബ്‌വെയിലെ ഇറാനിയൻ എംബസി തള്ളിക്കളഞ്ഞത്.
സിംബാബ്‌വെയിലെ ഇറാനിയൻ എംബസി ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു- "1. അമിത സന്തോഷം പ്രകടിപ്പിക്കാതെ കുറച്ച് അന്തസ്സ് കാണിക്കൂ. 2. ഹോർമുസ് കടലിടുക്കിലെ പുതിയ നിയമക്രമത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഞങ്ങളത് പരിഹരിക്കും. 3. ഫോൺ ഓഫാക്കി റിലാക്സ് ചെയ്യൂ. പുതിയ പോസ്റ്റുകളൊന്നും വേണ്ട. ഒരു ആഴ്ചത്തേക്ക് 'ബിബിയെ' (ബെഞ്ചമിൻ നെതന്യാഹു) ബ്ലോക്ക് ചെയ്യൂ. 4. ലഘുവായി അത്താഴം കഴിച്ച് നന്നായി ഉറങ്ങൂ" എന്നാണ് പരിഹാസ രൂപേണയുള്ള കുറിപ്പ്.
ട്രംപ് ഒരു മണിക്കൂറിൽ ഏഴ് നുണ പറഞ്ഞെന്ന് ഇറാൻ
ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും ഇത് ലോകത്തിന് തന്നെ മികച്ച ദിവസമാണെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കളവുകളാണ് പറഞ്ഞതെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് തിരിച്ചടിച്ചു. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്‍റെ കൈവശമുള്ള യുറേനിയം അഥവാ 'ന്യൂക്ലിയർ ഡസ്റ്റ്' അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു കരാറിലും തങ്ങൾ ഒപ്പുവെച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ സമാധാന ചർച്ചകളെ സങ്കീർണ്ണമാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ലബനനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് വാണിജ്യ കപ്പലുകൾക്കായി കടലിടുക്ക് താൽക്കാലികമായി തുറന്നുകൊടുത്തിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. എങ്കിലും അമേരിക്കൻ ഉപരോധം തുടരുന്ന സാഹചര്യത്തിൽ പൂർണ്ണമായ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളിൽ ഈ തർക്കങ്ങൾ നിർണ്ണായകമാകും.


