ഒക്ലഹാമ: ഒക്ലാഹാമ നഗരത്തിലെ മൃഗശാലയിലെ കുരങ്ങിനെപ്പറ്റി പറഞ്ഞായിരുന്നു കോകോ 5 ടിവി ചാനലില്‍ പ്രഭാത ചര്‍ച്ച തുടങ്ങിയത്. ജാസണ്‍ ഹാക്കെറ്റും അലക്സ് ഹൗസ്ഡെനുമായിരുന്നു അവതാരകര്‍. ഫിന്‍ എന്നുവിളിക്കുന്ന ഗൊറില്ലയെക്കുറിച്ച് ഇരുവരും സംസാരിച്ചുതുടങ്ങി. ഫിന്‍ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് ഹൗസ്ഡെന്‍ പറഞ്ഞു. തീര്‍ച്ചയായും അതിനെ ഒന്നു കാണണം എന്ന് ഹാക്കെറ്റും മറുപടി നല്‍കി. 

ഫിന്നിന്‍റെ വീഡിയോയിലേക്ക് പോകും മുമ്പ് ഹാക്കെറ്റിനോടായി ഹൗസ്ഡന്‍ ഒന്നുകൂടി പറഞ്ഞു. ''നിങ്ങള്‍ ഒരു ചിത്രമെടുത്താല്‍ തീര്‍ച്ചയായും ഫിന്നിനെപ്പോലിരിക്കും''. ഒരു നിമിഷം മൗനമായ ആഫ്രിക്കന്‍ വംശജനായ ഹാക്കെറ്റ് ''അതേ അതേ'' എന്ന് മറുപടി നല്‍കി. 

പരിപാടി അവിടെ തീര്‍ന്നെങ്കിലും വിവാദം തുടങ്ങുകയായിരുന്നു. നിരവധി പേര്‍ ചാനലിലേക്ക് വിളിച്ചു, കുറേപേര്‍ ഫേസ്ബുക്കില്‍ കുറിച്ചു; ഹൗസ്ഡനിന്‍റേത് വംശീയ അധിക്ഷേപമാണെന്ന് അവര്‍ ആരോപിച്ചു. 

''ഞാന്‍ എന്ന് ഇവിടെ എത്തിയിട്ടുണ്ട്, കാരണം എനിക്ക് നിങ്ങളോട് മാപ്പ് പറയേണ്ടതുണ്ട്, എന്‍റെ സഹഅവതാരകനോട് മാത്രമല്ല, മുഴുവന്‍ സമൂഹത്തോടും മാപ്പുപറയുന്നു.'' - ഹാക്കെറ്റിന്‍റെ കൈപിടിച്ചുകൊണ്ട് ഹൗസ്ഡന്‍ പറഞ്ഞു. ''ഞാന്‍ ഇന്നലെ പറഞ്ഞത് അനാവശ്യമായ ഒന്നായിരുന്നു. ഞാന്‍ ആളുകളെ വേദനിപ്പിച്ചു. ഞാന്‍ എന്തുമാത്രം നിങ്ങളെ വേദനിപ്പിച്ചുവെന്ന് എനിക്ക് അറിയാം'' എന്ന് പറഞ്ഞ് ഹൗസ്ഡന്‍ ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞു. 

''എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങള്‍ ഏറെക്കാലമായി എന്‍റെ സുഹൃത്താണ്. നിങ്ങളെ വേദനിപ്പിക്കാന്‍ മനപ്പൂര്‍വ്വമായി ഞാനൊന്നും ചെയ്തിട്ടില്ല. എന്‍റെ സമൂഹത്തെയും ഞാന്‍ സ്നേഹിക്കുന്നു. ഇതെന്തെ ഹൃദയത്തിനുള്ളില്‍ നിന്നുമാണ് പറയുന്നത്. ഞാന്‍ പറഞ്ഞതിന് മാപ്പ് ചോദിക്കുന്നു. അത് തെറ്റായിരുന്നുവെന്ന് എനിക്കറിയാം. മാപ്പ്. ''

അതേസമയം ഇതിന് മറുപടി പറഞ്ഞ ഹാക്കെറ്റ്, ഹൗസ്ഡനെ പ്രശംസിച്ചു. അവളെന്‍റെ സുഹൃത്താണെന്നും ആദ്യമായാണ് ഹൗസ്ഡണ്‍ ഇങ്ങനെ പറയുന്നതെന്നും എന്നാല്‍ ഇത് തന്നെ വേദനിപ്പിച്ചു, സമൂഹത്തെ മുഴുവന്‍ വേദനിപ്പിച്ചുവെന്നുമറിയാം. ഇതൊരു അആനുഭവമായി ഇരിക്കട്ടെ എന്നും ഹാക്കെറ്റ് പറഞ്ഞു. 

ആഫ്രിക്കന്‍ വംശജരെ കുരങ്ങുകളോട് ഉപമിക്കുന്നത് ലോക ചരിത്രത്തില്‍ ഇതാദ്യമല്ല. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ രാഷ്ട്രീയ എതിരാളികള്‍ കുരങ്ങിനോട് ഉപമിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ പ്രഭാത പരിപാടിയില്‍ ഹൗസ്ഡന്‍ മാപ്പുപറഞ്ഞു.