കുവൈത്തിൽ ഇറാന്‍ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരിക്ക്. ഈ സംഭവത്തെ തുടർന്ന് കുവൈത്ത് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാവുകയും ചെയ്തു. ആക്രമണങ്ങൾക്കിടയിലും കുവൈത്തിൽ നിന്നുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.

കുവൈത്ത് സിറ്റി: സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ, പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മരിച്ചു. ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് ക‌ന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ഇതിനിടെ മിസൈൽ ആക്രമണ ദൃശ്യം പകർത്തിയ ഒരാൾ കുവൈത്തിൽ അറസ്റ്റിലായി. ഇയാൾ വീഡിയോ എടുക്കുന്നതിനിടയിൽ വാഹനം അപകടത്തിൽ പെടുകയായിരുന്നു.

കുവൈത്ത് വിമാനത്താവളം തുറന്നതോടെ കൂടുതൽ വിമാനങ്ങൾ കൊച്ചിയിലേക്ക് സർവീസ് നടത്താൻ തുടങ്ങി. കുവൈത്ത്- കൊച്ചി സർവ്വീസ് നടത്തുന്ന ജസീറ എയർവേയ്സ്, ബഹ്റൈൻ - കൊച്ചി സർവ്വീസ് നടത്തുന്ന ഗൾഫ് എയർ വിമാനം, കുവൈത്ത് എയർവേയ്സിന്റെ കുവൈത്ത് -കൊച്ചി വിമാനത്തിനും മുടക്കം ഉണ്ടാകില്ലെന്ന് വിമാന കമ്പനികൾ അറിയിച്ചു. കുവൈത്ത് എയർവേയ്സിന്‍റെ കാലതാമസം ഒഴിച്ചാൽ സർവ്വീസ് മുടക്കമുണ്ടാകില്ലെന്നും വിമാന കമ്പനി അറിയിച്ചു.