ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ഇംഗ്ലണ്ടിലെ സതാംപ്ട്ടണില്‍ ഇരട്ട സഹോദരിമാരായ കാറ്റി ഡേവിസും എമ്മയും മരിച്ചു. മൂന്ന് ദിവസത്തെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. 37 വയസ്സുകാരയ ഇരുവരും നഴ്സുമാരാണ്. കുട്ടികളുടെ നഴ്സായ കാറ്റി സതാപ്ട്ടണിലെ ജെനറല്‍ ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയാണ് മരിച്ചത്. എമ്മ വെള്ളിയാഴ്ചയും മരിച്ചു. 

തങ്ങള്‍ ഒരുമിച്ചാണ് ഭൂമിയിലേക്ക് വന്നതെന്നും മരിക്കുന്നതും ഒരുമിച്ചാകുമെന്നും ഇരുവരും എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഇരുവരുടെയും സഹോദരിയായ സോഇ പറഞ്ഞു. ''എപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. കുട്ടിക്കാലം മുതലേ പാവക്കുട്ടികള്‍ക്കൊപ്പം നഴ്സും ഡോക്ടറുമായാണ് ഇരുവരും കളിച്ചിരുന്നത്. അവര്‍ പരിചരിക്കുന്ന രോഗികള്‍ക്ക് കയ്യിലുള്ളതെല്ലാം ഈ സഹോദരിമാര്‍ നല്‍കുമായിരുന്നു'' - സഹോദരി കൂട്ടിച്ചേര്‍ത്തു. 

നഴ്സിംഗ് ഇവര്‍ക്ക് ജോലി മാത്രമായിരുന്നില്ലെന്നും അതിനും അപ്പുറമായിരുന്നുവെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. നഴ്സിംഗ് ടൈംസ് പുറത്തുവിട്ട കണക്കുപ്രകാരം കൊവിഡ് ബാധിച്ച 50 നഴ്സുമാരാണ് ബ്രിട്ടണില്‍ മരിച്ചത്. 

അതേസമയം ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക് എത്തി. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടുകയാണ്. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 2826000 കടന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് 24മണിക്കൂറിനിടെ രോഗബാധിതരായത്. എട്ട് ലക്ഷത്തോളം ആളുകൾ ലോകത്താകെ രോഗമുക്തരായി.

അമേരിക്കയിൽ മാത്രം കൊവിഡ് മരണം അരലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോഴും ഏഴു സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി അയവില്ലാതെ തുടരുന്നത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 23452 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 723 പേർ ഇതുവരെ രാജ്യത്ത് മരണമടഞ്ഞു.