Asianet News MalayalamAsianet News Malayalam

സെനറ്റിലെ തോൽവിക്ക് പിന്നാലെ അമേരിക്കയിൽ റിപ്പബ്ലിക്കൻ അനുയായികളുടെ പ്രതിഷേധം; ട്രംപിന് ട്വിറ്ററിന്റെ വിലക്ക്

പ്രതിഷേധക്കാരോട് തിരികെ പോകാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയിൽ, നവംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നത്

Twitter locks Donald Trump's account for 12 hours, threatens permanent suspension
Author
Washington D.C., First Published Jan 7, 2021, 6:33 AM IST

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിന്റെ താത്കാലിക വിലക്ക്. ഇദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ സസ്പെന്റ് ചെയ്തു. ഗുരുതരമായ നയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ജോർജിയയിൽ നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ജയിച്ചതിന് പിന്നാലെ ട്രംപിന്റെ അനുയായികൾ വൻ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

പ്രതിഷേധക്കാരോട് തിരികെ പോകാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയിൽ, നവംബറിൽ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നത്. ഈ ട്വീറ്റുകൾ പിൻവലിച്ച ട്വിറ്റർ ട്രംപിന്റെ അക്കൗണ്ടുകൾ പൂർണമായും നീക്കുമെന്ന് മുന്നറിയിപ്പും നൽകി.

ജോർജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥികളായ റഫായേൽ വാർനോക്ക്, ജോൺ ഓസോഫ് എന്നിവർ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത്.  വിജയത്തോടെ സെനറ്റിൽ ഇരു പാർട്ടികൾക്കും 50 സീറ്റുകൾ വീതമായി. ഇന്ത്യൻ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു വോട്ട് കൂടിയാകുമ്പോൾ ഡെമോക്രാറ്റുകൾക്ക് 51 ആകും. ഇതോടെ ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ വന്നതിനാലാണ് ജോർജിയയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി. എന്നാൽ ഫലം വന്നതിന് പിന്നാലെ അട്ടിമറി ആരോപണവുമായി ട്രംപ് അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios