ലാൻഡിങ്ങിനിടെ വാഹനത്തിലിടിച്ച് ചരക്ക് വിമാനം കടലിൽ പതിച്ചു, രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ദുബായിൽ നിന്ന് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ബോയിംഗ് 747 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഹോങ്കോങ്ങ്: ഹോങ്കോംഗ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാ വാഹനത്തിൽ ഇടിച്ച് കടലിൽ പതിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചു. അതേസമയം, വിമാനത്തിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ദുബായിൽ നിന്ന് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ബോയിംഗ് 747 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് പട്രോളിംഗ് കാർ റൺവേയിൽ ഇല്ലായിരുന്നുവെന്നും പുറത്തുള്ള സുരക്ഷാ വാഹനത്തിൽ ഇടിച്ച് വിമാനം വെള്ളത്തിലേക്ക് വീണതാണെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനം ഇടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. എമിറേറ്റ്‌സ് താൽക്കാലികമായി പാട്ടത്തിനെടുത്ത തുർക്കി വിമാനക്കമ്പനിയായ ആക്റ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ല.
1998-ൽ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്നാണെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ റൺവേയിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ ആരംഭിച്ചു.


