169 യാത്രക്കാരുമായി അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം ആണ് ലാൻഡിംഗിനായി ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് അടി പെട്ടെന്ന് താഴ്ന്നത്. വിമാനം പെട്ടെന്ന് ഉയരം കുറച്ചപ്പോൾ യാത്രക്കാർ ഭയക്കുകയും അസ്വസ്ഥരാകുകയും ചെയ്തു.
കൊൽക്കത്ത: ലാന്‍ഡിങ്ങിനിടെ വിമാനം പെട്ടെന്ന് നൂറകണക്കിന് അടി താഴ്ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ശനിയാഴ്ച വൈകുന്നേരം അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സ് വിമാനമാണ് ലാൻഡിംഗിനായി ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് അടി പെട്ടെന്ന് താഴ്ന്നത്. വിമാനം പെട്ടെന്ന് ഉയരം കുറച്ചപ്പോൾ യാത്രക്കാർ ഭയന്നു. ആകെ അസ്വസ്ഥരാകുകയുമായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്നത് 169 യാത്രക്കാരാണ്. കൊൽക്കത്തയിൽ ഇറങ്ങുന്നതിന് ഏകദേശം അര മണിക്കൂർ മുൻപ്, വൈകുന്നേരം 7.30 ഓടെയാണ് മുന്നറിയിപ്പില്ലാതെ ഈ പെട്ടെന്നുള്ള താഴ്ചയുണ്ടായത്. സാങ്കേതിക പ്രശ്‌നം കാരണമാണ് വിമാനം പെട്ടെന്ന് താഴ്ന്നത്. ഈ അപ്രതീക്ഷിത നീക്കം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെയും അത്ഭുതപ്പെടുത്തി.
സംഭവം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് അടിയന്തരമായി വിമാനം താഴത്തിക്കൊണ്ടിരിക്കുന്ന വിവരം ക്യാപ്റ്റൻ എടിസിയിലേക്ക് സന്ദേശം നൽകിയത്. സാധാരണയായി ക്യാബിൻ പ്രഷർ കുറയുമ്പോഴോ, കാലാവസ്ഥാമാറ്റം മൂലം ആകാശച്ചുഴിയിൽപ്പെടുകയോ ചെയ്യുമ്പോഴാണ് പൈലറ്റുമാർ ഇത്തരത്തിൽ പെട്ടെന്ന് വിമാനം താഴ്ത്താറുള്ളത്.
ഇവൈ 222 വിമാനം കൃത്യം 7.58ന് കൊൽക്കത്തയിൽ സാധാരണ നിലയിൽ തന്നെ ലാൻഡ് ചെയ്തു. സീറ്റ് ബെൽറ്റ് സൈൻ ഓൺ ആയിരുന്നതിനാലും, എല്ലാവരും സീറ്റുകളിൽ ബെൽറ്റ് ഇട്ടിരുന്നതിനാലും ആർക്കും പരിക്കില്ല എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ തുടർന്ന് എഞ്ചിനീയർമാർ വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ.


