പിറവം: കൊവിഡ് ബാധിച്ച് അമേരിക്കയിലും ബ്രിട്ടണിലുമായി രണ്ട് മലയാളികൾ മരിച്ചു. യു.കെ ബ്രിസ്ബണിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പിറവം സ്വദേശിയാണ് നിര്യാതനായത്. പാമ്പാക്കുട നെട്ടുപ്പാടം ഭരതംമാക്കിൽ സണ്ണി ജോൺ (70) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയും നഴ്സുമായിരുന്ന എൽസിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇപ്പോൾ അസുഖം ഭേദമായിട്ടുണ്ട്. 

വർഷങ്ങളായി യുകെയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം കൂത്താട്ടുകുളം ചൊറിയൻമാക്കിൽ കുടുംബാഗമാണ്. യുകെയിൽ മാഞ്ചസ്റ്ററിൽ താമസിക്കുന്ന നെൽസൺ, ഇംപീരിയൽ കോളേജ് വിദ്യാർത്ഥി നിക്സൺ എന്നിവർ മക്കളാണ്. 

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന മറ്റൊരു മലയാളിയും ഇന്നലെ മരണപ്പെട്ടിരുന്നു. ചെങ്ങന്നൂർ കല്ലിശേരി മണലേത്ത് പൗവ്വത്തിൽ പടിക്കൽ തോമസ് ഏബ്രഹാം (ബേബി–66) ആണ് മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ന്യൂജേഴ്സിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.