ഒന്നാമത്തേത് താൻ മത്സരിച്ചില്ലെന്നതും രണ്ടാമത്തേത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 'ഷട്ട്ഡൗൺ' (സർക്കാർ അടച്ചുപൂട്ടൽ) ആണ് റിപ്പബ്ലിക്കൻമാരുടെ പരാജയത്തിന് കാരണമെന്നാണ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റായി രണ്ടാം വട്ടവും ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റത് വൻ തിരിച്ചടിയാണ്. എന്നാൽ പരാജയ കാരണമായി ഡോണൾഡ് ട്രംപ് ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. ഒന്നാമത്തേത് താൻ മത്സരിച്ചില്ലെന്നതും രണ്ടാമത്തേത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 'ഷട്ട്ഡൗൺ' (സർക്കാർ അടച്ചുപൂട്ടൽ) ആണ് റിപ്പബ്ലിക്കൻമാരുടെ പരാജയത്തിന് കാരണമെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ട്രംപിന്റെ പോസ്റ്റ്
ട്രംപിൻ്റെ കടുത്ത എതിർപ്പിനിടെയാണ് ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്‌റാൻ മംദാനി ചരിത്ര വിജയം നേടിയത്. മംദാനിയെ 'കമ്മ്യൂണിസ്റ്റ്' എന്ന് വിളിക്കുകയും, ഇദ്ദേഹം വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തൻ്റെ അനുയായികളോട് മംദാനിക്കെതിരെ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയ്ക്ക് വോട്ട് ചെയ്യാനും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ 'ട്രംപാണ് നിങ്ങളുടെ പ്രസിഡന്റ്' എന്നൊരു പോസ്റ്റാണ് വൈറ്റ് ഹൌസ് എക്സിൽ പങ്കുവെച്ചത്. ഡെമോക്രാറ്റിക് സ്റ്റാർത്ഥികൾ വിജയിച്ചെങ്കിലും പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് എടുക്കാൻ സാധ്യതയുള്ള ചില കടുത്ത തീരുമാനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
