Asianet News MalayalamAsianet News Malayalam

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍ലെ ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അറേബ്യ അറിയിച്ചു.

Two Saudi oil tankers 'sabotaged' ships off UAE coast
Author
Riyadh Saudi Arabia, First Published May 13, 2019, 6:21 PM IST

റിയാദ്: അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് യുഎഇയും സ്ഥിരീകരിച്ചു. 

അറബിക്കടല്‍ തീരത്തെ യുഎഇയുടെ ഏക ടെര്‍മിനല്‍ തുറമുഖമാണ് ഫുജൈറ. സൗദിയില്‍നിന്ന് അമേരിക്കന്‍ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് യുഎഇയും സൗദി അറേബ്യയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആക്രമണത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. 

സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പതിവായി ഈ വഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇന്ധന കപ്പലുകള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു. 

ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മോസ്കോ സന്ദര്‍ശനം മാറ്റിവെച്ച് ഇറാന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി ബ്രസ്സല്‍സിലേക്ക് തിരിച്ചു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തങ്ങള്‍ക്കുനേരെ ആരോപണമുന്നയിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാന്‍ ആരോപിക്കുന്നു. മേഖലയെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികള്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ ആരോപിച്ചു. 

2015ലെ ആണവക്കരാറില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഇറാനെതിരെ അമേരിക്ക നടപടി കടുപ്പിക്കുകയാണ്. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് തീരത്തേക്ക് രണ്ട് വന്‍ യുദ്ധക്കപ്പലുകളാണ് അയച്ചത്. വരും ദിവസങ്ങളില്‍ കപ്പല്‍ ഗള്‍ഫ് കടലില്‍ എത്തുന്നതോടെ പ്രതിസന്ധി രൂക്ഷം.

Follow Us:
Download App:
  • android
  • ios