Asianet News MalayalamAsianet News Malayalam

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികളും ഒരു ജീവനക്കാരനും കൊല്ലപ്പെട്ടു

മാനസിക പ്രശ്നങ്ങളില്‍  യുവാക്കളെ സഹായിക്കുന്ന ഒരു മെന്‍റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്.

Two students and one staff member were killed in firing at Des Moines
Author
First Published Jan 24, 2023, 7:31 AM IST


യുഎസ്എ: അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴി‍ഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് വെടിവെയ്പ്പ് നടന്നത്. മാനസിക പ്രശ്നങ്ങളില്‍  യുവാക്കളെ സഹായിക്കുന്ന ഒരു മെന്‍റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന - ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്.  സ്റ്റാർട്ട്സ് റൈറ്റ് ഹിയർ സ്ഥാപകൻ വിൽ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

വെടിവെയ്പ്പിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാറി  മാക്‌റേ പാർക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. അക്രമം നടത്തിയ മൂന്ന് പേരും കൗമാരക്കാരാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ശനിയാഴ്ചയാണ് യുഎസ്എയില്‍ വീണ്ടും വെടിയൊച്ച മുഴങ്ങിയത്. ചൈനീസ് ചാന്ദ്ര വര്‍ഷവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കിടെ കാലിഫോര്‍ണിയയിലെ ഒരു ചൈനീസ് റസ്റ്റോറന്‍റിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച രാത്രി ആദ്യ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് പിന്തുടര്‍ന്നെങ്കിലും ഇയാളെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച ലുയീസിയാന സംസ്ഥാനത്തെ ബാറ്റണ്‍ റൂഷ് നഗരത്തില്‍ നടന്ന മറ്റൊരു വെടിവെയ്പ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഈ അക്രമം നടത്തിയ ആളെ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അയോവ സംസ്ഥാനത്ത് വെടി മുഴങ്ങിയത്. 

കൂടുതല്‍ വായനയ്ക്ക്: കാലിഫോര്‍ണിയ വെടിവെയ്പ്പ്; പത്ത് പേരെ വെടിവച്ച് കൊന്ന 72 -കാരനായ അക്രമിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
 

Follow Us:
Download App:
  • android
  • ios