2023-ൽ സ്കോട്ട്‌ലൻഡിലെ വീട് വാടകയ്‌ക്ക് കൊടുത്തതിന് ശേഷം റോസും ഭാര്യയും യാത്രക്കിറങ്ങുകയായിരുന്നു.  രണ്ടാം വയസ്സിൽ തന്നെ പലവിധം സംസ്കാരങ്ങളും ഭക്ഷണങ്ങളും പഠിക്കുകയാണ് ഈ കൊച്ചു 'വലിയ' യാത്രക്കാരൻ.

കാഠ്മണ്ഡു: രണ്ടാം വയസ്സിൽ അമ്മ വീട്ടിലേക്ക് മാത്രം 'ട്രിപ്പ്' പോയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ സ്കോട്ട്ലൻഡിൽ നിന്നുള്ള രണ്ട് വയസുകാരൻ എത്തിയിരിക്കുന്നത് ഇന്നും പല യാത്രാ പ്രേമികളുടെയും സ്വപ്നം മാത്രമായ ഏവറസ്റ്റ് ബേസ് ക്യാമ്പിലാണ്. ഇന്ന് ഏവറസ്റ്റ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് രണ്ട് വയസ്സുകാരൻ കാർട്ടർ ഡാളസ്. യുകെ ആസ്ഥാനമായുള്ള 'മെട്രോ' യുടെ റിപ്പോർട്ട് അനുസരിച്ച് സമുദ്രനിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിലുള്ള, നേപ്പാളിന്റെ തെക്ക് ഭാഗത്തെ ബേസ് ക്യാമ്പിലാണ് ഈ മിടുക്കൻ എത്തിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നാല് വയസ്സുകാരി സാറയുടെ ലോക റെക്കോർഡാണ് ഇതോടെ കാർട്ടൻ തകർത്തത്. 

സ്കോട്ടലന്റ് സ്വദേശികളായ റോസ്-ജെയ്ഡൻ ദമ്പതികളുടെ മകനാണ് കാർട്ടൻ. ഒരു വർഷം നീണ്ടുനിൽക്കുന്ന ഏഷ്യൻ യാത്രയ്ക്കിറങ്ങിയതാണ് ഈ കുടുംബം. അച്ഛൻ റോസിന്റെ പുറത്തിരുന്നായിരുന്നു കാർട്ടന്റെ യാത്ര. "കാർട്ടർ എന്നെക്കാളും അവന്റെ അമ്മയെക്കാളും നല്ല യാത്രക്കാരനാണ് . ഞങ്ങൾ രണ്ടുപേർക്കും ചെറിയ രീതിയിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവൻ പൂർണ്ണമായും സുഖമായിരിക്കുന്നു," കുട്ടിയുടെ പിതാവ് പറഞ്ഞു. "ബേസ് ക്യാമ്പ് എത്തുന്നതിന് മുമ്പുള്ള ഗ്രാമങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകർ ഉണ്ടായിരുന്നു, അവരുടെ നിർദേശപ്രകാരം രക്തം പരിശോധിച്ചു. അവന്റെ പരിശോധനാ ഫലങ്ങൾ ഞങ്ങളുടേതിനേക്കാൾ നല്ലതായിരുന്നു"റോസ് പറയുന്നു.


2023-ൽ സ്കോട്ട്‌ലൻഡിലെ വീട് വാടകയ്‌ക്ക് കൊടുത്തതിന് ശേഷം റോസും ഭാര്യയും യാത്രക്കിറങ്ങുകയായിരുന്നു. രണ്ടാം വയസ്സിൽ തന്നെ പലവിധം സംസ്കാരങ്ങളും ഭക്ഷണങ്ങളും പഠിക്കുകയാണ് ഈ കൊച്ചു 'വലിയ' യാത്രക്കാരൻ. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള കാർട്ടറുടെ ലോക റെക്കോർഡ് ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ബേസ് ക്യാമ്പിലേക്ക് 274 കിലോമീറ്റർ യാത്ര നടത്തിയ സാറയാണ് നിലവിലെ റെക്കോർഡ് ഉടമ. 

ഏവറസ്റ്റിലേക്കുള്ള യാത്രയില്‍ രണ്ട് ബേസ് ക്യാമ്പുകളാണ് ഉള്ളത്. ഒന്ന് നേപ്പാളിലും മറ്റൊന്ന് ടിബറ്റിലും. ഏവറസ്റ്റിലേക്കുള്ള യാത്രയുടെ ആരംഭവും ഈ ബേസ് ക്യാമ്പുകളാണ്. സമുദ്രനിരപ്പില്‍ നിന്നും 5000 മീറ്റര്‍ ഉയരത്തിലാണ് രണ്ട് ബേസ് ക്യാമ്പുകളുമുള്ളത്. ബേസ് ക്യാമ്പില്‍ നിന്ന് വീണ്ടും 3500 മീറ്റര്‍ ഉയരത്തിലാണ് ഏവറസ്റ്റ് കൊടുമുടി. 8,848.86 മീറ്ററാണ് ഏവറസ്റ്റ് കൊടുമുടിയുടെ മൊത്തം ഉയരം. ഇതിന് മുമ്പും കുട്ടികള്‍ ഏവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. ജോര്‍ദന്‍ റൊമീറോ, മാലാവത് പൂര്‍ണ എന്നീ കുട്ടികള്‍ ഏവറസ്റ്റ് കീഴടക്കുമ്പോള്‍ വെറും 13 -ാം വയസായിരുന്നു പ്രായം. ഏവറസ്റ്റ് കൊടുമുടി കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളും ഇവരാണ്. ജോര്‍ദന്‍ റൊമീറോ അമേരിക്കയില്‍ നിന്നായിരുന്നെങ്കില്‍ മാലാവത് പൂര്‍ണ ഇന്ത്യയില്‍ നിന്നുമാണ് ഏവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...