ഫിലിപ്പീൻസിൽ 114 പേരുടെ മരണത്തിനിടയാക്കിയ കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലും ആഞ്ഞടിച്ചു. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടയ്ക്കുകയും 2,60,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഹാനോയ്: ഫിലിപ്പീൻസിൽ 114 പേരുടെ മരണത്തിന് ഇടയാക്കുകയും കനത്ത നാശം വിതക്കുകയും ചെയ്തതിന് പിന്നാലെ വിയറ്റ്നാമിലും ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്. മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ആറ് വിമാനത്താവളങ്ങൾ അടച്ചു. നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. സാഹചര്യം നേരിടാൻ സജ്ജമെന്ന് അധികൃതർ അറിയിച്ചു. 2,60,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു.
ജനങ്ങളോട് വീടിനുള്ളിൽത്തന്നെ കഴിയാൻ അധികൃതർ നിർദേശിച്ചു. ചുഴലിക്കാറ്റ് ഫിലിപ്പീൻസിലുടനീളം വീശിത്തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് വിയറ്റ്നാമിൽ പ്രവേശിച്ചത്. മണിക്കൂറിൽ 149 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ്, വീടുകളുടെ മേൽക്കൂരകൾ പറത്തിക്കളയാൻ തക്ക കരുത്തുള്ളതാണ്. മരങ്ങളും വൈദ്യുത പോസ്റ്റുകളുമെല്ലാം കടപുഴക്കും. 30 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു.
ഈ വർഷം വിയറ്റ്നാമിൽ വീശിയ 13-ാമത്തെ ചുഴലിക്കാറ്റാണ് കൽമേഗി, ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാണിത്. 2,68,000-ത്തിലധികം സൈനികരെ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജരാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാർഷിക മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.ഹുയേ നഗരത്തിന് സമീപം ഈ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 47 പേരാണ് മരിച്ചത്. പിന്നാലെയാണ് ചുഴലിക്കാറ്റ് ഭീതി വിതയ്ക്കുന്നത്.
ഫിലിപ്പീൻസിൽ കൽമേഗി കനത്ത നാശം വിതച്ചു. 127 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. ഈ വർഷം ഫിലിപ്പീൻസിൽ വീശിയ 20-ാമത്തെ കൊടുങ്കാറ്റാണ് കൽമേഗി. ഇപ്പോഴത്തെ വെല്ലുവിളി അവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നതാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിന് കിഴക്ക് ഒരു പുതിയ കൊടുങ്കാറ്റ് രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇത് അടുത്ത ആഴ്ചയുടെ തുടക്കത്തിൽ ചുഴലിക്കാറ്റായി ശക്തിപ്പെട്ട് രാജ്യത്ത് ആഞ്ഞുവീശാൻ സാധ്യതയുണ്ട്.


