യുഎഇയിൽ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് മന്ത്രാലയങ്ങൾ അവധി സ്ഥിരീകരിച്ചത്.
അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ അറിയിപ്പ്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. തുടർന്ന് ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂൺ 1 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം പൊതുമേഖലയിലും ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ സമിതികൾ, ജ്യോതിശാസ്ത്ര വിദഗ്ധർ, ആധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒബ്സർവേറ്ററികൾ എന്നിവരിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയ ശേഷമാണ് യുഎഇ ഔദ്യോഗികമായി മാസപ്പിറവി സ്ഥിരീകരിച്ചത്. ഇതനുസരിച്ച് മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നാം തീയതിയായി രാജ്യത്ത് കുറിച്ചു. ഇതോടെ ഈ വർഷത്തെ ഹജ്ജ് സീസണിനും ബലിപെരുന്നാൾ ആഘോഷങ്ങൾക്കുമുള്ള തീയതികൾക്ക് ഔദ്യോഗിക സ്ഥിരീകരണമായി.


