രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 25 പേരെ അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഉത്തരവിട്ടു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുക, പ്രതിരോധ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അബുദാബി: രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുക, ശത്രുരാജ്യങ്ങളുടെ സൈനിക നടപടികളെ മഹത്വവൽക്കരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പിടിയിലായവരെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണം നടക്കുന്നത്. മിസൈൽ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്‍റെ യഥാർത്ഥ ദൃശ്യങ്ങൾ പകർത്തി, അതിൽ ഭീതി ജനിപ്പിക്കുന്ന ശബ്ദങ്ങളും കമന്‍ററികളും ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഒന്നാം ഗ്രൂപ്പിൽപ്പെടുന്നവർക്ക് മേൽ ഈ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോരാനും ഈ ദൃശ്യങ്ങൾ കാരണമായേക്കാം.
രണ്ടാം ഗ്രൂപ്പിൽപ്പെട്ചടവർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകൾ നിർമ്മിച്ചു. മറ്റു രാജ്യങ്ങളിൽ നടന്ന പഴയ സംഭവങ്ങൾ യുഎഇയിൽ നടന്നതാണെന്ന വ്യാജേന ഇവർ പ്രചരിപ്പിച്ചു. മൂന്നാം ഗ്രൂപ്പ് ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങളെയും അവരുടെ നേതാക്കളെയും പ്രശംസിക്കുകയും യുഎഇയുടെ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രൊപ്പഗണ്ടകൾ പ്രചരിപ്പിക്കുകയും ചെയ്തു.
സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യസുരക്ഷയും പൊതുസമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന കഠിന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നേരത്തെ വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 17പേർ ഇന്ത്യക്കാരാണ്. ഇവരെ അതിവേഗ വിചാരണയ്ക്ക് നിർദേശം നൽകി. കൃത്രിമമായി നിർമ്മിച്ച വിഡീയോകളുപയോഗിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി.


