ഫ്രാൻസിൽ പിഎസ്ജി ആരാധകരുടെ ആഹ്ലാദപ്രകടനം അതിരുവിട്ടു. പാരിസിൽ അടക്കം സംഘർഷം. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവേഫ ചാംപ്യൻസ് ലീഗ് കിരീടം പിഎസ്ജി നിലനിർത്തിയതിന് പിന്നാലെ ആണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

പാരിസ്: യുവേഫ ചാംപ്യൻസ് ലീഗ് കിരീടം പിഎസ്ജി നിലനിർത്തിയതിന് പിന്നാലെ ഫ്രാൻസിൽ ഉടനീളം ആഹ്ലാദപ്രകടനവുമായി ആരാധകർ തെരുവിലറങ്ങിയത് സംഘർഷത്തിൽ കലാശിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്‌കാസ്‌ അരീനയിൽ നടന്ന ഫൈനൽ മത്സരത്തിൽ ആഴ്‌സനലിനെ പിഎസ്ജി പരാജയപ്പെടുത്തിയതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനമാണ് അതിരുവിട്ടത്. പിഎസ്ജി ആരാധകരും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 400ലധികം പേർ അറസ്റ്റിലായി. സംഭവത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യവ്യാപകമായി 416 പേരാണ് അറസ്റ്റിലായതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ പാരിസിൽ മാത്രം 283 പേരാണ് അറസ്റ്റിലായത്. സംഘർഷത്തെ തുടർന്ന് ഏഴ് പൊലീസുകാർക്ക് പരിക്കേറ്റതായും അക്രമം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു.

മത്സരത്തിന് മുന്നോടിയായി, രാജ്യവ്യാപകമായി 22,000ത്തോളം പൊലീസുകാരെ ഫെഞ്ച് അധികൃതർ വിന്യസിച്ചിരുന്നു. പാരിസിൽ മാത്രം, 8,000 പൊലീസുകാരെ ആണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളും ട്രാം ലൈനുകളും ബസ് റൂട്ടുകളും താൽക്കാലികമായി അടച്ചിരുന്നെങ്കിലും പാരിസിലേക്ക് ആരാധകരുടെ പ്രവാഹമുണ്ടായി.

Scroll to load tweet…

പിഎസ്ജിയുടെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് സമീപം ഒരുക്കിയ വലിയ സ്ക്രീനുകളിൽ മത്സരം കാണാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയിരുന്നത്. ഇതിനു പുറത്ത് ആരാധകർ തടിച്ചുകൂടിയതും സംഘർഷത്തിന് ഇടയാക്കി. സ്റ്റേഡിയത്തിൻ്റെ ഗേറ്റ് തുറന്ന് നൂറിലധികം പേർ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

ആഴ്സണൽ ഒരു ഗോളിന് മുന്നിലെത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതോടെ പൊലീസിന് നേരെ കസേരകളും കുപ്പികളും എറിഞ്ഞു, തുടർന്ന് പൊലീസ് ഇടപെടുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഘോഷം അതിരുവിട്ടതിനെ തുടർന്ന് ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. സംഘർഷം രാത്രി വൈകിയും തുടർന്നു.

ഈഫൽ ടവറിന് പുറത്തുണ്ടായ നാടകീയമായ രംഗങ്ങളിൽ നിരവധി വാഹനങ്ങൾക്കും തീയിട്ടു. അക്രമ സംഭവങ്ങളിൽ ആറ് വാഹനങ്ങൾക്കും രണ്ട് വ്യാപാര സ്ഥാപനത്തിനും നാശനഷ്ടം ഉണ്ടായി എന്നാണ് റിപ്പോർട്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആൾക്കൂട്ടം ചിതറിയോടുന്നതും പടക്കങ്ങൾ റോഡിൽ പൊട്ടത്തെറിക്കുന്നതും വാഹനങ്ങൾ അഗ്നിക്കിരയായതും ദൃശ്യങ്ങളിൽ കാണാം. അതേസമയം പിഎസ്ജിയുടെ വിക്ടറി പരേഡ് ഈഫൽ ടവറിന് സമീപം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം ആരാധകർ ഇവിടേയ്ക്ക് ഒഴുകിയെത്തുമാണ് കരുതുന്നത്.