യുഎഇ വ്യോമപാത പൂർണമായി തുറന്ന്, താൽക്കാലിക നിയന്ത്രണങ്ങളെല്ലാം നീക്കി. ഇത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പൂർണതോതിൽ സർവീസ് നടത്താൻ സഹായിക്കുകയും കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. പെരുന്നാളും മധ്യവേനലവധിയും വരാനിരിക്കെ ഈ തീരുമാനം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാണ്

അബുദാബി: പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി യു എ ഇ വ്യോമപാത പൂർണമായി തുറന്നു. താൽക്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായി യു എ ഇ ഭരണകൂടം അറിയിച്ചു. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഉൾപ്പടെ പൂർണതോതിൽ സർവ്വീസ് നടത്താൻ കഴിയും. ഇത് കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്നും യാത്രക്കാർക്ക് വലിയ ആശ്വാസം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. അതീവ പ്രാധാന്യമുള്ള സമയത്താണ് യു എ ഇയുടെ നിർണായക തീരുമാനം. പെരുന്നാളവധിയും ഗൾഫിൽ സ്കൂളടയ്ക്കുന്ന മധ്യവേനലവധിയും വരാനിരിക്കെയുള്ള തീരുമാനത്തിൽ യാത്രക്കാർ സന്തുഷ്ടരാണ്.

ആകാശ സഞ്ചാരം സാധാരണ നിലയിലാകും

നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പടെ സാധാരണ സർവ്വീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും. യു എ ഇ വിമാനമക്കമ്പനികൾ സർവ്വീസ് നടത്തിയിരുന്നുവെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവ്വീസ് പുനരാരംഭിക്കാത്തതായിരുന്നു ഇന്ത്യൻ പ്രവാസികളുടെ പ്രതിസന്ധി. ഒപ്പം മേഖലയിൽ സംഘർഷ ആശങ്കകൾ അവസാനിക്കുന്നുവെന്ന പ്രതീക്ഷയും ഈ തീരുമാനം ജനിപ്പിക്കുന്നു. താൽക്കലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു എ ഇ ഭരണകൂടം അറിയിച്ചിരിക്കുന്നത്. വ്യോമഗതാഗതത്തിന്‍റെ ഹബ്ബായി അറിയപ്പെടുന്ന ദുബായ് ഉൾപ്പടെയാണ് സാധാരണ നിലയിലേക്ക് മാറുന്നത്. ഇത് കണക്ഷൻ ഫ്ലൈറ്റുകളുടെയും ദീർഘദൂര വിമാനങ്ങളുടെയും പ്രവർത്തനം കൂടുതൽ സുഗമമാക്കും.