Asianet News MalayalamAsianet News Malayalam

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനരികെ, അവസാന രണ്ടുപേരിൽ ഒരാൾ

ഇന്ന് നടന്ന വോട്ടെടുപ്പിൽ റിഷി സുനകിന് 137 വോട്ട്, ലിസ് ട്രസിനെ പിന്തുണച്ചത് 113 പേർ; കുറവ് വോട്ട് നേടിയ മുൻ മന്ത്രി പെന്നി മോഡന്റ് പുറത്ത്

UK PM Election, Rishi Sunak enters final round
Author
London, First Published Jul 20, 2022, 9:16 PM IST

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള ഫൈനൽ പോരാട്ടം ഇന്ത്യൻ വംശജൻ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിൽ. ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്തംബർ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്. ഫൈനൽ റൗണ്ട് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇന്ന് എംപിമാർക്ക്  ഇടയിൽ നടന്ന വോട്ടെടുപ്പിൽ റിഷി സുനക് 137 വോട്ട് നേടി. ലിസ് ട്രസിനെ 113 എംപിമാർ പിന്തുണച്ചു. 105 എംപിമാരുടെ മാത്രം പിന്തുണ നേടിയ മുൻ മന്ത്രി പെന്നി മോഡന്റ് പുറത്തായി. റിഷി സുനക് ജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ്  റിഷിയുടെത്.

ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവച്ച ധനമന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിന്റ് ഭാര്യ. ബോറിസ് ജോൺസനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാജി പരമ്പരയ്ക്ക് തുടക്കമിട്ടത് റിഷി സുനക് ആയിരുന്നതിനാൽ തന്നെ ജോൺസൺ അനുകൂലികളുടെ കടുത്ത എതിർപ്പ് റിഷി സുനക് നേരിടുന്നുണ്ട്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് റിഷി സുനക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാൽ ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യൻ വംശജനാകും റിഷി സുനക്. 

 

Latest Videos
Follow Us:
Download App:
  • android
  • ios