മുന്‍ സോവിയറ്റ് രാഷ്ട്രമായ ഉക്രൈനില്‍ ഇതുവരെയും ഒരുഡോസ് കൊവിഡ് വാക്സിന്‍ പോലും ലഭ്യമായിട്ടില്ല. അതിനിടെയാണ് ഉക്രൈന്‍റെ തീരുമാനം

കീവ്: റഷ്യയില്‍ നിന്നുള്ള കൊവിഡ് വാക്സിന് വിലക്കുമായി ഉക്രൈന്‍. വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് റഷ്യയില്‍ നിന്നുള്ള വാക്സിന്‍ വേണ്ടെന്ന് ഉക്രൈന്‍ പ്രഖ്യാപിക്കുന്നത്. 2015ല്‍ സര്‍ക്കാര്‍ പാസാക്കിയ പ്രമേയമാണ് വാക്സിന്‍ വിഷയത്തില്‍ ഉക്രൈന്‍റെ നിലപാടിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമകാരികളായ രാജ്യങ്ങളുടെ പട്ടികയിലാണ് ഉക്രൈന്‍ റഷ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2015ലാണ് റഷ്യയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയുടെ സ്പുട്നിക് വാക്സിന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള റഷ്യയിലെ നേതാക്കന്മാരുടെ ക്ഷണമെല്ലാം ഉക്രൈന്‍ ഇതിനോടകം നിരാകരിച്ചുകഴിഞ്ഞു. റഷ്യയില്‍ നിന്നുള്ള രാഷ്ട്രീയ ഐക്യപ്പെടലിനുള്ള ശ്രമമായാണ് ഈ നീക്കങ്ങള്‍ വീക്ഷിക്കുന്നത്. റഷ്യ പിന്തുണയ്ക്കുന്ന വിഘടനവാദികളുമായി ഡോണ്ടേസ്ക്, ലുംഗാന്‍സ്ക് മേഖലകളില്‍ 2014മുതല്‍ ഉക്രൈന്‍ സംഘര്‍ഷത്തിലാണുള്ളത്.

ക്രീമിയന്‍ പെനിസുല സംബന്ധിച്ച മോസ്കോയില്‍ നിന്നുള്ള തീരുമാനമാണ് വിഘടനവാദികള്‍ ആയുധമാക്കുന്നത്. പാശ്ചാത്യ നിര്‍മ്മിതമായ വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതില്‍ ഉക്രൈന്‍ ഭരണകൂടം പരാജയപ്പെടുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടയ്ക്കാണ് ഈ തീരുമാനമെത്തുന്നത്. മുന്‍ സോവിയറ്റ് രാഷ്ട്രമായ ഉക്രൈനില്‍ ഇതുവരെയും ഒരുഡോസ് കൊവിഡ് വാക്സിന്‍ പോലും ലഭ്യമായിട്ടില്ല. യൂറോപ്പിലെ തന്നെ ദരിദ്രരാജ്യമായ ഉക്രൈനില്‍ അടുത്ത മാസം അവസാനത്തോടെ വാക്സിന്‍ വിതരണം ആരംഭിക്കുമെന്നാണ് പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി പ്രഖ്യാപിച്ചിട്ടുള്ളത്.

40 മില്യണ്‍ ആളുകളാണ് യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് ദശലക്ഷം വാക്സിന്‍ ഡോസുകള്‍ക്കായി കാത്തിരിക്കുന്നത്. അതേസമയം ഉക്രൈനില്‍ വിഘടനവാദികളുടെ അധികാരത്തിലുള്ള ചില മേഖലയില്‍ റഷ്യയില്‍ നിന്നുള്ള വാക്സിന്‍ വിതരണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 1.2 മില്യണ്‍ ആളുകള്‍ക്കാണ് ഉക്രൈനില്‍ ഇതിനോടകം കൊറോണ ബാധിച്ചത്. 24000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.