Ukraine Crisis: മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം.

ദില്ലി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഗംഗ രക്ഷാദൗത്യം തുടരുന്നു. 219 പേരെ കൂടി യുക്രൈനിൽ നിന്ന് തിരികെ എത്തിച്ചു. ബുച്ചാറസ്റ്റിൽ നിന്നുള്ള സംഘത്തെയാണ് തിരികെ എത്തിച്ചത്. ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം. ഇന്ന് രാവിലെ 8 മണിക്കുള്ളിൽ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങൾ ദില്ലി വിമാനത്താവളത്തിലും, 2 എയർഫോർസ് വിമാനങ്ങൾ ഹിൻഡൻ എയർ ബേസിലും എത്തും. കൂടുതൽ എയർഫോഴ്‌സ് വിമാനങ്ങൾ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും. കീവിൽ നിന്നും രക്ഷപ്പെട്ട് അതിർത്തികളിൽ എത്തിയ വിദ്യാർത്ഥികളാകും വരും ദിവസങ്ങളിൽ കൂടുതലായും ഇന്ത്യയിലെത്തുക. അതേസമയം ഹാർഖീവിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് അതിർത്തികളിലേക്കുള്ള ട്രെയിനിൽ കയറാൻ സാധിച്ചത് ആശ്വാസമാവുകയാണ്.

'ചെറുസംഘങ്ങളായി നീങ്ങൂ, സൈനികരോട് സഹകരിക്കൂ', എംബസി മുന്നറിയിപ്പ്

അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രം​ഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്നാണ് നിർദേശം. ഹാർകീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഹാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് കർശന നിർദേശങ്ങളുമായി എംബസി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

വ്യോമാക്രമണം, ഡ്രോൺ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആർട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്ഫോടനങ്ങൾ, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോൾ ബോംബേറ്, കെട്ടിടങ്ങൾ തകരാനുള്ള സാധ്യത, തകർന്ന കെട്ടിടങ്ങൾക്കിടയിൽ പെടാനുള്ള സാധ്യത, ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടൽ, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പിൽ പെട്ടുപോകൽ, കടുത്ത മാനസികസംഘർഷത്തിന് അടിമപ്പെടൽ, പരിക്കേൽക്കൽ, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരൽ, യാത്ര ചെയ്യാൻ വഴിയില്ലാതാകൽ, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേർക്കുനേർ വരേണ്ട സാഹചര്യം എന്നിവ ഹാർകീവിൽ തുടരുന്നവർക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിർത്തികളിലേക്ക് എത്താൻ ശ്രമിക്കുന്നവർക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവർ അടിയന്തരമായി ഈ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.

നിർദ്ദേശങ്ങൾ ഇങ്ങനെ:

# കൃത്യമായി നിങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ പൗരൻമാർക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവർക്കൊപ്പം സഞ്ചരിക്കുക
# പരിഭ്രാന്തരാകരുത്, മാനസികസംഘ‍ർഷത്തിലാകരുത്
# ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തിൽ പത്ത് വിദ്യാർത്ഥികൾ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോർഡിനേറ്റർമാരെ തെരഞ്ഞെടുക്കുക.
# നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
# വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇന്ത്യയിലെ കോണ്ടാക്ട് നമ്പർ, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷൻ, ദില്ലിയിലെയോ അതിർത്തി രാജ്യങ്ങളിലെയോ എംബസി കൺട്രോൾ റൂം നമ്പറുകൾ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂർ കൂടുമ്പോഴും വിവരം പുതുക്കാൻ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേർ ഒപ്പമുണ്ടെന്ന് കോർഡിനേറ്റർ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷൻ കൺട്രോൾ റൂം/ ഹെൽപ് ലൈൻ നമ്പറുകളിൽ അറിയിക്കുക.
# എംബസി/ കൺട്രോൾ റൂം/ പ്രാദേശിക അധികൃതർ എന്നിവരുമായി കോർഡിനേറ്റർ മാത്രം സംസാരിക്കുക.
# ഫോണിലെ ബാറ്ററികൾ പരമാവധി സേവ് ചെയ്യുക.

ശ്രദ്ധിക്കേണ്ടത്:

# അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യിൽ കരുതുക
# പാസ്പോർട്ട്, ഐഡി കാർഡ്, അവശ്യമരുന്നുകൾ, ജീവൻരക്ഷാ മരുന്നുകൾ, ടോർച്ച്, തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരികൾ, പണം, കഴിക്കാൻ എനർജി ബാറുകൾ, പവർ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്‍ഡ് കിറ്റ്, ഹെഡ് ഗിയർ, മഫ്ളർ, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റിൽ വേണം.
# പരമാവധി വെള്ളവും ഭക്ഷണവും കരുതുക, പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളിൽ കഴിക്കുക. ഇത് ഉടൻ വിശക്കാതിരിക്കാൻ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളിൽ പറ്റുമെങ്കിൽ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക.
# വലിയ ഗാർബേജ് ബാഗ് കയ്യിൽ കരുതുക. നിലത്ത് വിരിക്കാനോ, മഴയിൽ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും.
# അസുഖബാധിതരാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ ഉടനടി എമർജൻസി ഹെൽപ് ലൈൻ/കൺട്രോൾ റൂം നമ്പറുകളിൽ വിളിക്കുക.
# മൊബൈലിലെ അനാവശ്യ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുക. ബാറ്ററി സേവ് ചെയ്യുക. പരമാവധി സംസാരം കുറയ്ക്കുക.
# സുരക്ഷിതമായ ബങ്കറുകളിലോ സേഫ് സോണിലോ, ബേസ്മെന്‍റുകളിലോ പരമാവധി കഴിയാൻ ശ്രമിക്കുക.
# തെരുവിലാണെങ്കിൽ റോഡിന് നടുവിലൂടെ നടക്കരുത്. കെട്ടിടങ്ങളുടെ മറവിൽ നടക്കുക. പരമാവധി കുനിഞ്ഞ് നടക്കുക. സിറ്റി സെന്‍ററുകൾ ഒഴിവാക്കുക. ഡൗൺ ടൗൺ പ്രദേശങ്ങൾ ഒഴിവാക്കുക. സ്ട്രീറ്റ് കോർണറുകൾ കടക്കുമ്പോൾ പരമാവധി ശ്രദ്ധിക്കുക.
# സംഘങ്ങളായി സ‌ഞ്ചരിക്കുമ്പോൾ പരമാവധി വെള്ള വസ്ത്രം കരുതുക - ആവശ്യമെങ്കിൽ വീശിക്കാണിക്കുക.
# റഷ്യനിൽ സംസാരിക്കാൻ അത്യാവശ്യം പഠിക്കുക. ഉദാഹരണം - യാ സ്റ്റുഡന്‍റ് ഇസ് ഇൻഡി (ഞാൻ ഇന്ത്യൻ വിദ്യാർത്ഥിയാണ്), യാ നീകോംബറ്റന്‍റ് (ഞാൻ നിരായുധനാ/യാണ്), പൊഴാലുസ്ത പൊമോജിത് മിൻ (എന്നെ സഹായിക്കൂ) എന്നീ വാചകങ്ങൾ പഠിക്കണം.
# യാത്ര ചെയ്യാതിരിക്കുമ്പോൾ പരമാവധി നീട്ടി ശ്വാസമെടുക്കുക. കൈകാലുകൾ അനക്കുക. രക്തചംക്രമണം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
# അവശ്യകിറ്റിന് പുറമേ അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുക്കുക. ദൂരയാത്ര വേണ്ടി വരുന്നതിനാൽ ചെറുബാഗുകൾ അഭികാമ്യം.
# അടിയന്തരസാഹചര്യം വന്നാൽ ഉടനടി നിലവിലുള്ള ഇടത്ത് നിന്ന് മാറാൻ തയ്യാറായിരിക്കുക.
# മിലിട്ടറി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞാൽ അവർ പറയുന്നത് അനുസരിക്കുക. കൈയുയർത്തി അവരുടെ അടുത്തേക്ക് നടന്നെത്തുക.
# പരമാവധി മര്യാദയോടെ മാത്രം അവരോച് പെരുമാറുക. അവർക്ക് വേണ്ട വിവരം നൽകുക. അടിയന്തര ഇടപെടൽ വേണ്ടി വന്നാൽ കൺട്രോൾ റൂമിലോ ഹെൽപ് ലൈനിലോ വിളിക്കുക.
# കൺട്രോൾ റൂമും ഹെൽപ് ലൈനും നിർദേശിക്കുന്നതിനനുസരിച്ച് കൃത്യമായി