നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികളുമായി സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 

കീവ്/ മോസ്കോ: യുക്രൈൻ - റഷ്യ യുദ്ധം ഉടൻ അവസാനിക്കുമോ? യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രൈനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികളുമായി സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ ഈ ധാരണകൾ പാലിച്ചാൽ ഉടൻ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം യുക്രൈനിലെ ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരി നിന്ന പത്ത് പേരെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നുവെന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെ യുഎസ് എംബസി ആരോപിച്ചു. ഇത്തരം കൊടുംക്രൂരതകൾ റഷ്യൻ സൈന്യം ഉടനടി അവസാനിപ്പിച്ചേ മതിയാകൂ എന്നും അമേരിക്കൻ എംബസി ആവശ്യപ്പെടുന്നു. 

Scroll to load tweet…

അതേസമയം, യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും നെതർലൻഡ്സ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടു. ''റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം'', എന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടിനെതിരെ 13 വോട്ടുകൾ നേടിയാണ് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. 

Scroll to load tweet…

റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രൈനാണ് കോടതിയെ സമീപിച്ചത്. യുക്രൈനിയൻ സർക്കാർ നൽകിയ അപേക്ഷയിൽ, റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്നും, ക്രൂരമായ സൈനികാക്രമണമാണെന്നും ആരോപിക്കുന്നു. അടിയന്തരമായി സൈനികനീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായകോടതിയോട് യുക്രൈനിയൻ സർക്കാർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

നമ്മുടെ സുപ്രീംകോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് ധൽവീർ ഭണ്ഡാരി അടക്കമുള്ളവർ ചേർന്നാണ് വിധി പ്രസ്താവിച്ചതെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര കോടതിയുടെ 15 അംഗബഞ്ചിന്‍റേതാണ് വിധി. കേസിൽ മാർച്ച് ഏഴ് വരെ കോടതി വാദം കേട്ടു. കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നതുമില്ല. 

എന്നാൽ പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രൈന്‍റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഒപ്പം അന്താരാഷ്ട്രനീതിന്യായകോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്നും റഷ്യ യുഎൻ സുരക്ഷാ കൗൺസിലിൽ വാദിച്ചു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രൈനെ ആക്രമിച്ചതെന്നും അതിൽ 1951-ലെ വംശഹത്യാ കൺവെൻഷൻ ലംഘിക്കുന്ന ഒന്നുമില്ലെന്നുമായിരുന്നു റഷ്യയുടെ വാദം. 

എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ അന്താരാഷ്ട്രകോടതി, കേസുമായി സഹകരിക്കാത്ത റഷ്യയുടെ നടപടി നിർഭാഗ്യകരമാണെന്ന് നിരീക്ഷിച്ചു. അടിയന്തരമായി യുക്രൈനിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിച്ചേ പറ്റൂവെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. 

ഇതിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും പേൾ ഹാർബർ ആക്രമണവുമായെല്ലാം സമാനതകളുള്ളതാണ് റഷ്യയുടെ യുക്രൈൻ അധിനിവേശമെന്ന് ആരോപിച്ചു. വ്യോമനിരോധിതമേഖലയായി യുക്രൈനെ പ്രഖ്യാപിക്കാനുള്ള ആവശ്യം യൂറോപ്യൻ യൂണിയനോ നാറ്റോയോ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞ സെലൻസ്കി, അതേസമയം, യുദ്ധത്തിൽ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കണമെന്ന ആവശ്യം വീണ്ടും യു എസ് കോൺഗ്രസിന് മുന്നിൽ വച്ചു. ''ഞങ്ങൾക്ക് നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്'', സെലൻസ്കി പറ‌ഞ്ഞു.