നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പറഞ്ഞു. റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിറ്റ്‍ലറെയും പുടിനെയും ഒന്നിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

കീവ്: യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.

50 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ 40-ലധികം യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം വധിച്ചുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ ഏഴ് പൗരൻമാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മരിയുപോളിൽ ഒരാളും ഒഡേസയിൽ ആറ് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ പൊലീസ് അറിയിക്കുന്നത്. 

: യുക്രൈൻ സൈന്യം പൗരൻമാർക്ക് നൽകിയ പരിശീലനം

: ആയുധമുപയോഗിക്കാൻ പരിശീലിക്കുന്ന വൃദ്ധ

നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിന് ഒരു തരത്തിലും കഴിയില്ല എന്നത് വ്യക്തമാണ്. അതിനാൽ ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്. 

''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'', സെലെൻസ്കി പറഞ്ഞു. 

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിറ്റ്‍ലറെയും പുടിനെയും ഒന്നിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയൻ പ്രസിഡന്‍റ് വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്. 

ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യൻ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈൻ പറയുന്നത്. യുക്രൈൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്:

1. റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധം അടക്കം ഏർപ്പെടുത്തുക
2. റഷ്യയെ ഒറ്റപ്പെടുത്തുക
3. യുക്രൈന് ആയുധസഹായം നൽകുക
4. സാമ്പത്തികസഹായം ഉറപ്പാക്കുക
5. മനുഷ്യത്വപരമായ സഹായം എത്തിക്കുക

ഇന്ത്യൻ സമയം പുലർച്ചെ എട്ടരയോടെയാണ് യുക്രൈനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുന്നത്. യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം സൈനികനീക്കം എന്നാണ് പുടിൻ പറഞ്ഞത്. ഞങ്ങളിതാ സൈനികനീക്കം തുടങ്ങുന്നു. നിങ്ങൾ ആയുധം താഴെ വച്ചേക്കൂ - എന്നായിരുന്നു യുക്രൈനോടുള്ള പുടിന്‍റെ പ്രഖ്യാപനം. പൊരുതാതെ യുദ്ധഭൂമി വിടാം, തടയില്ല എന്നും, തടഞ്ഞാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. 

എന്നാൽ ഇതിനും മുമ്പ് പുലർച്ചെ അഞ്ചരയോടെ റഷ്യ സൈനികനീക്കം തുടങ്ങിയിരുന്നു. പുടിന്‍റെ പ്രഖ്യാപനത്തിന് മിനിറ്റുകൾക്കകം യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഫോടനങ്ങളുണ്ടായി. വ്യോമാക്രമണങ്ങളുമുണ്ടായി. വ്യോമ, പ്രതിരോധത്താവളങ്ങളിലേ ആക്രമണമുണ്ടാകൂ, ജനം സുരക്ഷിതരാകും എന്ന് പുടിൻ പറഞ്ഞെങ്കിലും ആഭ്യന്തരവിമാനത്താവളങ്ങളിലടക്കം ആക്രമണങ്ങൾ ഉണ്ടായി എന്നതാണ് വാസ്തവം. എല്ലാ വിമാനസർവീസുകളും യുക്രൈന് ഉടനടി അവസാനിപ്പിക്കേണ്ടി വന്നു. മുഴുവൻ അർത്ഥത്തിലും വളഞ്ഞിട്ട് ആക്രമിക്കുകയാണ് റഷ്യ എന്നാണ് യുക്രൈൻ വിദേശകാര്യമന്ത്രി ഉടനടി ട്വീറ്റ് ചെയ്തത്. 

രണ്ട് ലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമ മാർഗമുള്ള പട ആദ്യം നീങ്ങി. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് സൈന്യം കടന്നു. തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണം. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമത്താവളങ്ങളെല്ലാം അടച്ചു. 

നിലവിൽ യുക്രൈൻ - റഷ്യ അതിർത്തിയിൽ രണ്ട് ലക്ഷത്തോളം റഷ്യൻ സൈന്യമുണ്ട്. അതിൽ ആദ്യട്രൂപ്പുകൾ കീവിലേക്ക് നീങ്ങിക്കഴിഞ്ഞു, വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. റഷ്യൻ, ബൈലാറഷ്യൻ സൈന്യം ഒന്നിച്ച് ചേർന്ന് യുക്രൈൻ ബോർഡർ ഗാർഡ് പോസ്റ്റുകളിലേക്ക് കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഒഡേസ, ഖാർകീവ് നഗരങ്ങളിലേക്ക് കരമാർഗം റഷ്യൻ സൈന്യം കടന്നിട്ടുണ്ട്. മുൻകരുതലെന്നോണം, റഷ്യ റൊസ്തോവ്, ക്രസ്‍നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റാവ്‍റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്ക്, ക്രിസ്ക്, വൊറോനെഷ്, സിംഫെറോപോൾ വിമാനത്താവളങ്ങൾ അടച്ചിട്ടു. 

എല്ലാ യുക്രൈനിയൻ വ്യോമ, പ്രതിരോധത്താവളങ്ങളും ആക്രമിച്ച് നശിപ്പിച്ചുവെന്നാണ് റഷ്യ പറയുന്നത്. ഒഡേസ തുറമുഖത്ത് ആക്രമണം നടത്തിയെന്നും റഷ്യ പ്രഖ്യാപിക്കുന്നു. ഇത് നിഷേധിക്കുന്ന യുക്രൈൻ, ഒഡേസയിൽ റഷ്യൻ സൈന്യത്തിന് കടക്കാനായിട്ടില്ല എന്നും അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടുവെന്നും അവകാശപ്പെടുന്നു. 50 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. എന്നാൽ 7 യുക്രൈനിയൻ പൗരൻമാർ റഷ്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ പൊലീസ് തന്നെ സ്ഥിരീകരിക്കുന്നുണ്ട്. 

യുക്രൈൻ പ്രസിഡന്‍റ് യുക്രൈനിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ മാർഷ്യൽ ലോ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനങ്ങളോട് പരിഭ്രാന്തരാകരുത് എന്ന് ആവർത്തിച്ച് അധികൃർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കീവിൽ നിന്ന് ജനം ഒഴിഞ്ഞ് പോവുകയാണ്. പലരും കുടുംബങ്ങളും കുട്ടികളുമായി ഭൂഗർഭ അറകളിലേക്കും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചു കഴിഞ്ഞു. കീവിൽ നിന്ന് പുറത്തേക്കുള്ള എല്ലാ ഹൈവേകളും വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കുമാണ്. 

സൈബറാക്രമണത്തിൽ യുക്രൈനിയൻ ബാങ്കിംഗ് മേഖലയും പൂർണമായി തകർന്ന നിലയിലാണ്. എടിഎമ്മുകൾ പലതും പ്രവർത്തനരഹിതമാണ്. പ്രതിരോധവെബ്സൈറ്റുകൾ അടക്കം പല സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആക്രമണം അരങ്ങേറുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ചുനിൽക്കുന്ന ലോകത്തെയാണ് കാണുന്നത്. 

YouTube video player