നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. 

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ സൈന്യം പൊതുജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ടുകൾ. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുടെയും ആഹ്വാനം. നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാൽത്തന്നെ റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് തീരുമാനം. 

ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്. യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് ഇന്നലെ വ്ലാദിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു. 

ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.

''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'', സെലെൻസ്കി പറഞ്ഞു. 

റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഹിറ്റ്‍ലറെയും പുടിനെയും ഒന്നിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയൻ പ്രസിഡന്‍റ് വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്. 

ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യൻ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈൻ ആവർത്തിച്ചാവശ്യപ്പെട്ടത്. യുക്രൈൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയായിരുന്നു:

1. റഷ്യയ്ക്ക് മേൽ കനത്ത സാമ്പത്തിക ഉപരോധം അടക്കം ഏർപ്പെടുത്തുക, അന്താരാഷ്ട്ര ബാങ്കിംഗ് ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കുക
2. റഷ്യയെ ഒറ്റപ്പെടുത്തുക
3. യുക്രൈന് ആയുധസഹായം നൽകുക
4. സാമ്പത്തികസഹായം ഉറപ്പാക്കുക
5. മനുഷ്യത്വപരമായ സഹായം എത്തിക്കുക

എന്നാൽ ഇതൊന്നും നടപ്പായില്ല എന്ന സൂചനകളാണ് വരുന്നത്. പേരിന് സാമ്പത്തിക ഉപരോധം ഏ‍ർപ്പെടുത്താൻ മാത്രമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ തയ്യാറായത്. നിരാശരാണ് യുക്രൈൻ എന്നത് സംശയമില്ല. പക്ഷേ, പ്രതിരോധിക്കും, ഉറപ്പ് എന്ന് ഉറച്ച ശബ്ദത്തിൽ പറയുന്നു, പ്രസിഡന്‍റ് സെലൻസ്കി. 

തത്സമയസംപ്രേഷണം:

YouTube video player