റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുദ്ധവിരാമം നേടിയാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും താൻ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി രംഗത്ത്. ടെലിവിഷൻ ചാനലായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വിവരിച്ചു. ഇപ്പോൾ തന്റെ പരമമായ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കുക മാത്രമാണെന്നും യുക്രൈൻ പ്രസിഡന്‍റ് വ്യക്തമാക്കി. യുദ്ധവിരാമം നേടിയാൽ പാർലമെന്റിനോട് തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും സെലൻസ്കി താൻ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 201 -ൽ തെരഞ്ഞെടുക്കപ്പെട്ട സെലൻസ്കി, 2022 ഫെബ്രുവരിയിൽ റഷ്യയുമായുള്ള യുദ്ധം തുടങ്ങിയതോടെ സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് കാരണം 2024 ലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവച്ചു. യുദ്ധവിരാമമുണ്ടായാൽ സുരക്ഷിതമായ തെരഞ്ഞെടുപ്പിന് രാജ്യത്തിന് അവസരമൊരുക്കുമെന്നും സെലൻസ്കി വിവരിച്ചു.
അതേസമയം സെലൻസ്കിയുടെ പ്രഖ്യാപനം റഷ്യയെ സംബന്ധിച്ച് യുക്രൈൻ പ്രസിഡന്‍റിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്യാനുള്ള അവസരമായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താതെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് പ്രസിഡന്‍റ് സെൻസ്കി ചെയ്യുന്നതെന്ന് നേരത്തെ തന്നെ റഷ്യയുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്ക് ശക്തി പകരുന്നതാകും യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് ഉണ്ടാകു എന്നുള്ള സെലൻസ്കിയുടെ പ്രഖ്യാപനം.
ആക്രമണം ശക്തമാക്കാൻ അമേരിക്കൻ പിന്തുണ തേടി സെലൻസ്കി
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും യുദ്ധം അവസാനിക്കാതെ പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുദ്ധം അവസാനിച്ചാൽ ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിന്റെ സഹായം തേടുമെന്ന് അദ്ദേഹം ആവർത്തിച്ചെന്നാണ് വിവരം. കൂടാതെ റഷ്യക്കെതിരായ യുദ്ധത്തിൽ അമേരിക്കയുടെ കൂടുതൽ പിന്തുണയും സെലൻസ്കി തേടിയിരുന്നു. യു എസിൽ നിന്ന് ദീർഘദൂര ആയുധങ്ങൾ ലഭിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് യുക്രൈൻ പ്രസിഡന്‍റ് മുന്നോട്ട് വച്ചത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകാത്ത പക്ഷം ക്രെംലിനിലെ ഉദ്യോഗസ്ഥർ ബോംബ് ഷെൽട്ടറുകൾ തേടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യയുടെ പ്രതികരണം
റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവ്, സെലൻസ്കിയുടെ ഈ ഭീഷണിക്ക് സോഷ്യൽ മീഡിയയിലൂടെ ശക്തമായ മറുപടി നൽകിയിരുന്നു. ബോംബ് ഷെൽട്ടറുകൾ പോലും സംരക്ഷണം നൽകാത്ത ആയുധങ്ങൾ റഷ്യ ഉപയോഗിച്ചേക്കാമെന്നും അമേരിക്ക ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ കനത്ത തിരിച്ചടി ഇനിയും അനുഭവിക്കേണ്ടി വരുമെന്നും ദിമിത്രി മെദ്‌വെദേവ് അഭിപ്രായപ്പെട്ടു.


