യുക്രൈനിലെ തന്റെ പുതിയ ആഢംബര ഗൃഹം ബോംബുവച്ച് തകർക്കാൻ രാജ്യത്തിന്റെ സൈന്യത്തോട് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കോടീശ്വരനായ ആൻഡ്രേ സ്റ്റാവ്നിറ്റ്സർ.
ലണ്ടൻ: യുദ്ധം നാശം വിതക്കുന്ന യുക്രൈനിൽ (Ukraine) നിന്ന് ഓരോ ദിവസവും പുറത്തുവരുന്നത് നാശനഷ്ടങ്ങളുടെ കണക്കുകളാണ്. ഇതിനിടെ യുക്രൈനിലെ തന്റെ പുതിയ ആഢംബര ഗൃഹം ബോംബുവച്ച് (Bomb) തകർക്കാൻ രാജ്യത്തിന്റെ സൈന്യത്തോട് തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കോടീശ്വരനായ ആൻഡ്രേ സ്റ്റാവ്നിറ്റ്സർ. അടുത്തിടെ നിർമ്മിച്ച തന്റെ മാളികയിൽ റഷ്യൻ സൈന്യം തമ്പടിച്ചതോടെയാണ് വികാരാധീനനായി അദ്ദേഹം ഇത് പറയുന്നത്.
റഷ്യൻ സൈന്യം കൈവിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള താവളമായാണ് സ്റ്റാവ്നിറ്റ്സറുടെ ആഢംബര വീട് ഇപ്പോൾ ഉപയോഗിക്കുന്നത്. തന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വെബ്‌ക്യാമിലൂടെ റഷ്യൻ പട്ടാളക്കാർ തന്റെ ഭൂമിയിൽ സ്ഥാനം പിടിക്കുന്നതും എല്ലാത്തരം സൈനിക ഉപകരണങ്ങളും കൊണ്ടുവരുന്നതും അറിഞ്ഞതോടെയായിരുന്നു പ്രതികരണം. ഇതോടെ സ്റ്റാവ്നിറ്റ്സർ തന്റെ മാളികയുടെ കോർഡിനേറ്റുകൾ യുക്രൈൻ സായുധ സേനയ്ക്ക് നൽകുകയും ബോംബ് സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ട്രാൻസ് ഇൻവെസ്റ്റ് സെർവ്വീസിന്റെ സിഇഒയാണ് സ്റ്റാവ്നിറ്റ്സർ. ഗുഡ് മോർണിംഗ് ബ്രിട്ടൻ ഷോയിലൂടെയാണ് തന്റെ തീരുമാനം സ്റ്റാവ്നിറ്റ്സർ പരസ്യപ്പെടുത്തിയത്.
സ്റ്റാവ്നിറ്റ്സർ രാജ്യം വിട്ട് പോളണ്ടിലേക്ക് പലായനം ചെയ്‌തെങ്കിലും തന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങൾ വീട്ടിൽ തന്നെയായിരുന്നു. തന്റെ സെക്യൂരിറ്റി ജീവനക്കാരെ ബന്ദികളാക്കിയെന്നും വസ്ത്രം അഴിച്ചുമാറ്റി അവരുടെ ഫോണുകൾ തട്ടിയെടുത്ത ശേഷം ചോദ്യം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തത്സമയം തന്റെ മാളിക റഷ്യൻ സൈന്യം ഏറ്റെടുക്കുന്നത് അദ്ദേഹം കണ്ടു. സമീപത്തെ വീടുകളും കൊള്ളയടിക്കുന്നതായി ആരോപിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, “അവർ മറ്റ് വീടുകളും കൊള്ളയടിക്കുന്നു. മറ്റ് വീടുകളിൽ നിന്ന് സാധനങ്ങൾ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഞാൻ കണ്ടു. അവിടെ നിന്ന് ടിവികളും ... ഐപാഡുകളും കമ്പ്യൂട്ടറുകളും മറ്റ് ആളുകളുടെ സ്വകാര്യ സാധനങ്ങളും ട്രക്കുകളിൽ ലോഡ് ചെയ്യുന്നു. എനിക്ക് വെറുപ്പ് തോന്നി. എന്റെ വീടിനുള്ളിലൂടെ നടക്കുന്ന ചില ആളുകളെ കണ്ട് എനിക്ക് അറപ്പ് തോന്നി.
തന്റെ വസ്തുവിൽ 12 സൈനിക വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊർണാഡോ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളുള്ളതുമായി കണ്ടതായി സ്റ്റാവ്നിറ്റ്സർ ഗുഡ് മോർണിംഗ് ബ്രിട്ടനോട് പറഞ്ഞു. “ഈ ഉപകരണത്തിന് 40 കിലോമീറ്റർ (25 മൈൽ) പരിധിയുണ്ട്, അതിനാൽ അവർ എന്റെ വീട്ടിൽ നിന്ന് കൈവിനെയാണ് ലക്ഷ്യം വയ്ക്കുന്നത്,” അയാൾ പറഞ്ഞു. യുക്രെയ്‌നെ വിജയിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്റ്റാവ്നിറ്റ്സർ പരിപാടിയിൽ പറഞ്ഞു.
