കഴിഞ്ഞ വർഷം യുക്രൈനിലെ പത്ത് ലക്ഷം ആളുകൾക്കുള്ള സഹായധന വിതരണം നിർത്തിവച്ചിരിക്കുകയാണെന്നും സുഡാനിൽ നിന്നുള്ളവർക്കുള്ള ധനസഹായ പദ്ധതികൾ അവസാനിച്ചെന്നും ഗുട്ടെറസ് പറഞ്ഞു.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ സഹായം മരവിപ്പിച്ചതോടെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ജീവനക്കാരെ പിരിച്ചുവിടാനും നിരവധി രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഫണ്ടിന്റെ കടുത്ത വെട്ടിക്കുറവുകൾ കാരണം അഫ്ഗാനിസ്ഥാനിലെ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾക്ക് ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും നഷ്ടപ്പെടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കഴിഞ്ഞ വർഷം യുക്രൈനിലെ പത്ത് ലക്ഷം ആളുകൾക്കുള്ള സഹായധന വിതരണം നിർത്തിവച്ചിരിക്കുകയാണെന്നും സുഡാനിൽ നിന്നുള്ളവർക്കുള്ള ധനസഹായ പദ്ധതികൾ അവസാനിച്ചെന്നും ഗുട്ടെറസ് പറഞ്ഞു. നിരവധി സ്വതന്ത്ര എൻജിഒകളും ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടി പദ്ധതികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം, അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ മറ്റു വഴികൾ തേടുകയാണെന്ന് യുഎൻ ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ, അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷന്റെ (യുഎൻഎച്ച്സിആർ) പ്രവർത്തനങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. 300 മില്യൺ ഡോളറിന്റെ പ്രവർത്തനങ്ങളാണ് വെട്ടിക്കുറച്ചത്. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നിവിടങ്ങളിലെ ഏകദേശം 1.8 ലക്ഷം ആളുകളെയാണ് പ്രതികൂലമായി ബാധിച്ചത്. പുതിയ ധനസഹായം ഉടൻ ലഭിച്ചില്ലെങ്കിൽ, നേരിട്ടുള്ള ജീവൻ രക്ഷാ സഹായങ്ങളിൽ കൂടുതൽ വെട്ടിക്കുറവുകൾ അനിവാര്യമായിരിക്കുമെന്ന് യുഎൻ വക്താവ് മാത്യു സാൾട്ട്മാർഷ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
2023-ൽ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന് അതിന്റെ 3.4 ബില്യൺ ഡോളറിന്റെ ബജറ്റിന്റെ 40 ശതമാനത്തിലധികവും ലഭിച്ചത് യുഎസിൽ നിന്നാണ്. ഫണ്ടിംഗ് മരവിപ്പിച്ചതോടെ, ഏകദേശം 3,000 ജീവനക്കാർക്ക് ഐഒഎം പിരിച്ചുവിടൽ നോട്ടീസ് അയച്ചു.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പുറത്തുപോകൽ ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളെ അപകടത്തിലാക്കി.
