ദില്ലി: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തിൽ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന. 'എയർ ഇന്ത്യയുടെ എക്സ്പ്രസ് ഫ്ലൈറ്റ് അപകടത്തിൽ ഞങ്ങളുടെ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തം ബാധിച്ച എല്ലാവരുടെയും കുടുംബാം​ഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.' ഐസിഎഒ ട്വീറ്റ് ചെയ്തു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു. 

സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാന വികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന (International Civil Aviation Organization(ICAO)). ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവർത്തിക്കുന്നു. 

190 പേരാണ് എയർ ഇന്ത്യയുടെ ​​IX 1344 വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ലാൻഡിം​ഗിന് ശ്രമിക്കുന്നതിനിടയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നാണ് അപകടം സംഭവിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ദുരന്തത്തിൽ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി.