യുനൈറ്റഡ് നേഷന്‍സ്: ഇസ്രായേലും യുഎഇമായി നയതന്ത്ര കരാറിലേര്‍പ്പെട്ടതിനെ സ്വാഗതം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

കൊവിഡ്, ഭീകരവാദ ഭീഷണികള്‍ നേരിടാന്‍ മധ്യേഷ്യയിലെ സമാധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതക്കുമായി സാധ്യമായ ചര്‍ച്ചകളും മറ്റ് നീക്കങ്ങളും തുടരുമെന്നും യുഎന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പലസ്തീനുമായുള്ള പ്രശ്‌നം നിലനില്‍ക്കെ ഇസ്രായേലുമായി നയതന്ത്രം സ്ഥാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചതിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാനത്തിനായി ചരിത്രപരമായ നീക്കമെന്നാണ് കരാറിനെ ട്രംപ് വിശേഷിപ്പിച്ചത്. അയല്‍രാജ്യങ്ങളില്‍ ജോര്‍ദാനും തുര്‍ക്കിക്കും മാത്രമാണ് ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ളത്. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തിയത്. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു. 

ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണിലൂടെ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ നടപടികള്‍. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു.

യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയില്‍ കരാര്‍ ഒപ്പിടുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചു.