Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ്; റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയം

കീവില്‍ സഫോടന പരമ്പര നടത്തുകയാണ് റഷ്യ. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം റഷ്യ നടത്തി. റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 

UN draft resolution says Russia to withdraw from Ukraine
Author
Kiev, First Published Feb 25, 2022, 12:25 PM IST

ന്യൂയോര്‍ക്ക്: യുക്രൈനില്‍ (Ukraine) റഷ്യന്‍ (Russia) അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുക്രൈന് സഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ചര്‍ച്ചയ്ക്ക് ഇന്ത്യക്ക് കൈമാറി. അതേസമയം റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയും. ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.

ഇത് യുക്രൈൻ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈൻ നേരിടുന്ന ഈ യുദ്ധത്തിൽ വന്‍ ശക്തികൾ കാഴ്ച്ചക്കാരായെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞു.റഷ്യ സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. പുടിനുമായി മക്രോണ്‍ ഫോണില്‍ സംസാരിച്ചു. കീവില്‍ സഫോടന പരമ്പര നടത്തുകയാണ് റഷ്യ. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം റഷ്യ നടത്തി. റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേൽ ഇന്ന് പുലർച്ചെ റഷ്യ ഉഗ്ര  ആക്രമണമാണ് നടത്തിയത്.  സിവിലിയൻ കേന്ദ്രങ്ങൾ അടക്കം മിസൈൽ ആക്രമണത്തിൽ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യൻ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു. ഇന്നലെ  204 മിസൈലുകളാണ് ആകെ തൊടുത്തത് എങ്കിൽ ഇന്ന് കീവ് നഗരത്തിൽ മാത്രം നാല്‍പ്പതോളം മിസൈലുകൾ വീണതായാണ് റിപ്പോർട്ട്.

  • പുറത്ത് സ്ഫോടന ശബ്‍ദങ്ങൾ, എയർ സൈറൺ, പകച്ച് മലയാളി കുട്ടികൾ

ന്യൂയോര്‍ക്ക്/ കീവ്: യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ നടക്കാനുള്ള എയർ സൈറൺ കേൾക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുകയാണ്. എംബസിയിൽ നിന്ന് ഒരു തരത്തിലും വിവരങ്ങൾ ലഭിക്കുന്നില്ല. തലേന്ന് എടിഎമ്മുകളിൽ നിന്ന് പണം കിട്ടുകയോ ഭക്ഷണവും വെള്ളവും കിട്ടുകയോ ചെയ്യുന്നില്ല എന്നതായിരുന്നു ആശങ്കയെങ്കിൽ ഇന്ന് എങ്ങനെയെങ്കിലും ജീവൻ രക്ഷിച്ചാൽ മതിയെന്നാണ് കുട്ടികൾ പറയുന്നത്. 

കിഴക്കൻ യുക്രൈനിൽ താമസിക്കുന്ന പലർക്കും ഒരു തരത്തിലും എങ്ങോട്ടേക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയില്ല. എത്രയും വേഗം കീവ് പിടിച്ചെടുക്കുക എന്നതാണ് റഷ്യൻ സൈന്യത്തിന്‍റെ ആവശ്യം. അതിനാൽത്തന്നെ തുടർച്ചയായ ഷെല്ലിംഗുകളും ബോംബിംഗുമാണ് നടക്കുന്നത്. എംബസി ഉദ്യോഗസ്ഥർ തുടർച്ചയായി പല കുട്ടികളോടും ആവശ്യപ്പെടുന്നത് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്താനാണ്. എന്നാൽ ഭൂഗർഭ ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയിൽ തുടരുന്ന തങ്ങൾ എങ്ങനെ അങ്ങോട്ടെത്തും എന്നാണ് കുട്ടികൾ ചോദിക്കുന്നത്. റോ‍ഡ് മാർഗം യാത്ര ചെയ്യുക എന്നത് അത്യന്തം അപകടകരമാണ്. തുടർച്ചയായി കേൾക്കുന്നത് സ്ഫോടനശബ്ദങ്ങൾ മാത്രമാണ്.

സർവകലാശാലകളിൽ പല കുട്ടികൾക്കുമുള്ള മെന്‍റർമാർ മാത്രമാണ് ആകെ ആശ്വാസം. അവർ മാത്രമാണ് വിവരങ്ങൾ കൃത്യമായി അറിയിച്ച് നൽകുന്നത്. മിനിഞ്ഞാന്ന് വരെ ക്ലാസുണ്ടായിരുന്ന കുട്ടികളാണ് ഇന്നലെ അപ്രതീക്ഷിതമായി യുദ്ധം തുടങ്ങിയതോടെ ആകെ ദുരിതത്തിലായിട്ടുള്ളത്. ഓഫ് ലൈൻ ക്ലാസുകൾ നടക്കുന്നതിനാൽത്തന്നെയാണ് കുട്ടികൾ മടങ്ങാൻ മടിച്ചത്. അറ്റൻഡൻസ് ഉൾപ്പടെ നഷ്ടമാകുമെന്ന ഭയവും പലർക്കുമുണ്ടായിരുന്നു. വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് പലരും. ലോൺ എടുത്ത് പഠിക്കുന്നവരാണ് മിക്ക കുട്ടികളും. അതിനാൽത്തന്നെ പല തവണ വിമാനട്ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ അവർക്ക് കഴിയില്ല എന്നും പലരും വ്യക്തമാക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios