യുഎഇയിലെ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഈ ആക്രമണത്തെ ശക്തമായി അപലപിച്ച ഇന്ത്യ, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ ചർച്ചകൾ ആവശ്യമാണെന്ന് വ്യക്തമാക്കി.
ദില്ലി: യുഎഇയിലെ പ്രമുഖ എണ്ണ വ്യവസായ കേന്ദ്രമായ ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മേഖലയിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ഇന്നലെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.
രിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും ആക്രമണങ്ങൾ രൂക്ഷമായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ആക്രമണത്തെത്തുടർന്ന് ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ഒരു മാസമായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തലിന് ശേഷമാണ് മേഖലയിൽ വീണ്ടും യുദ്ധ സാഹചര്യം ഉണ്ടായത്. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്നും ഇന്ത്യ ആവർത്തിച്ചു.





